കൊല്ലത്ത് കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. പരിശോധനയില്‍ വ്യാജ നോട്ടുകളും നിര്‍മാണ സാമഗ്രികളും പിടികൂടി. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയല്‍ പുരയിടം സിബിയോണിനെ (37)അറസ്റ്റ് ചെയ്തു. പതിനാറാം തീയതി സിബിയോണിനെ ആശ്രാമത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അന്വേഷണം കള്ളനോട്ടടി കണ്ടെത്തുന്നതിലേക്ക് എത്തിയത്.
മയ്യനാട് സ്വദേശിയായ മുന്‍ ആധാരം എഴുത്ത് ജീവനക്കാരന് ആദര്‍ശ് 16ന് സിബിയോണിനെ ആശ്രമം മൈതാനത്തേക്ക് രാത്രി വിളിച്ചുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍, പിറ്റേന്ന് താന്‍ തിരികെ വീട്ടിലെത്തി എന്ന് സിബിയോണ്‍ പൊലീസിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. സിഡിആര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സിബിയോണിന് കള്ളനോട്ട് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കല്ലേലില്‍ ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് അടിക്കാനായി കട്ട് ചെയ്ത പേപ്പറുകളും പ്രിന്റിങ് മെഷീനുകളും കണ്ടെത്തിയത്.
500 രൂപ വ്യാജ നോട്ടുകള്‍ നിര്‍മ്മിക്കാന്‍ മുറിച്ച പേപ്പര്‍ കെട്ടുകളും പ്രിന്ററുകളും നോട്ടെണ്ണുന്ന യന്ത്രവുമാണ് സിബിയോണിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. രണ്ടരക്കോടിയോളം രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായിരുന്നു നീക്കം. പിടിച്ചെടുത്ത പേപ്പര്‍ കെട്ടുകളുടെ വശത്ത് 500 രൂപയുടെ ഡിസൈന്‍ പ്രിന്റ് ചെയ്തിരുന്നു. ഇതിനുപുറമെ 46 പവന് സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയവയില്‍ സ്വര്‍ണ വാച്ചും ആഡംബര വാച്ചുകളും ഉള്‍പ്പെടുന്നു. സിറ്റി ഡാന്‍സാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.















