കൊച്ചി: വനിതാ എസ്ഐ ആനി ശിവയെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ആനി ശിവ എസ്ഐ ആയി ചുമതലയേറ്റതിനു പിന്നാലെയാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള് മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്നായിരുന്നു സംഗീതയുടെ പരിഹാസം.
അതേസമയം, പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ വിജയം കൈവരിച്ച വ്യക്തിയാണ് ആനി ശിവ. പതിനെട്ടാം വയസില്‍ വീട്ടുകാരെ ധിക്കരിച്ച് ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചു. എന്നാല്‍ ആഗ്രഹിച്ചപോലെ ജീവിതം മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതാം വയസില്‍ കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങി. പിന്നീട് ജോലിയോടൊപ്പം പഠിച്ചു. ജോലിക്കിടയില്‍ ഡിസ്റ്റന്‍സായി എംഎ പൂര്‍ത്തിയാക്കി. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ എസ്ഐ പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തി. ജീവിക്കാന്‍ ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റുനടന്ന അതേ സ്ഥലത്ത് തന്നെ സബ് ഇന്‍സ്പെക്ടര്‍ ആയി തിരികെയെത്തിയിരിക്കുകയാണ് ആനി.