ന്യൂ ഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് രാജിവച്ചു. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹര്‍ഷ് വര്ധന് രാജിവച്ചത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ എന്നിവരും രാജിവച്ചിരുന്നു.
ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലെത്തും. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും. അതേസമയം, ആറ് ക്യാബിനറ്റ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് പശുപതി പരസിനും അപ്നാ ദളില്‍ നിന്ന് അനുപ്രിയ പട്ടേലും, നിഷാദ് പാര്‍ട്ടിയുടെ സഞ്ജയ് നിഷാദും മന്ത്രിസഭയിലെത്തും. വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും. വിദേശകാര്യ വകുപ്പ് നിലനിര്‍ത്തും.