കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം കേസ് അന്വേഷിക്കും. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫസലിന്റെ സഹോദരന് അബ്ദുല്‍ സത്താറിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പടെയുളളവരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നാണ് ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ വെളിപ്പെടുത്തല്‍.
സി.പി.ഐ.എം. നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട കേസാണ് ഫസല്‍ വധക്കേസ്. 2006 ഒക്ടോബറിലാണ് സി.പി.ഐ.എം. വിട്ട് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന ഫസല്‍ കൊല്ലപ്പെടുന്നത്. വര്‍ഷങ്ങളായി സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു ഫസല്‍ വധം.
കേസില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെ 2012ല്‍ സി.പി.ഐ.എം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്, തിരുവങ്ങാടി ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന് എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.
എന്നാൽ സിപിഎമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഐഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.