ഒട്ടാവ: കാനഡയില്‍ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്താണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. വാന്‍കൂവറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ലിറ്റണ്‍ ഗ്രാമത്തിലെ ജനങ്ങളെ തീപടര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒഴിപ്പിച്ചിരുന്നു. തീ കെട്ടിടങ്ങള്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയെന്ന് കണ്ടാണ് ഒഴിപ്പിച്ചതെന്ന് ഇവിടുത്തെ മേയര്‍ പറഞ്ഞു.ചൊവ്വാഴ്ച രേഖപ്പെടുത്തിയ 49.6 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് കാനഡയിലെ ഏറ്റവും ഉയര്‍ന്ന താപനില. ഉയര്‍ന്ന താപനില ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം കാനഡയില്‍ ഉഷ്ണതരംഗം മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ കുതിച്ചുയരുകയാണ്. കൊടുംചൂടില്‍ കാനഡയിലും യു.എസിലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ 486 പേര്‍ക്കാണ് അപ്രതീക്ഷിതമരണം സംഭവിച്ചത്.
















