കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലാതെ ഇന്ത്യയുമായി യാതൊരു നയതന്ത്ര ബന്ധവും ഇല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് എടുത്തുകളഞ്ഞ നടപടി ഇന്ത്യന്‍ ഗവണ്‍മെന്‍റ് പിന്‍വലിക്കണമെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പ്രമേയത്തിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇത് സൂചിപ്പിച്ചാണ് ഇന്ത്യയുമായി യാതൊരു നയതന്ത്ര ബന്ധത്തിനും പാകിസ്ഥാന്‍ ഇല്ലെന്ന് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ വ്യക്തമാക്കിയത്. കശ്മീരിലെ സഹോദരി സഹോദരന്മാര്‍ക്കൊപ്പമാണ് മുഴുവന്‍ പാകിസ്ഥാനുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചു.
ഫെബ്രുവരിയില്‍ അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതിന് പിന്നാലെ ഇന്ത്യ പാക് നയതന്ത്ര ബന്ധങ്ങളും സാധാരണനിലയിലായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.