മിനിയാപോളീസ്: അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പൊലീസ് ഓഫീസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. മിനിയാപോളീസ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. അധികാര ദുർവിനയോഗത്തിനും ക്രൂരതയും കണക്കിലെടുത്താണ് ശിക്ഷയെന്ന് കോടതി പറഞ്ഞു.
2020 മേയ് 25നു വൈകുന്നേരം മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഫ്ളോയ്ഡ്(46) കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കടയിൽ സിഗരറ്റ് വാങ്ങി നല്കിയ 20 ഡോളർ നോട്ട് വ്യാജമാണെന്നു സംശയിച്ച് കടക്കാരൻ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കീഴടക്കാനുള്ള ശ്രമത്തിനിടെ ഡെറിക് ഷോവിൻ ഫ്ളോയ്ഡിനെ റോഡിൽ കമിഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകുത്തിനിന്നത് ഒൻപതു മിനിറ്റിലധികമാണ്.
ശ്വാസം മുട്ടുന്നതായി ഫ്ളോയ്ഡ് ആവർത്തിച്ചുകൊണ്ടിരുന്നു. ദൃക്സാക്ഷികൾ അദ്ദേഹത്തെ വിടാൻ അപേക്ഷിച്ചെങ്കിലും ഷോവിൻ ചെവിക്കൊണ്ടില്ല. ആംബുല ൻസ് എത്തിയപ്പോഴേക്കും ഫ്ളോയ്ഡ് നിശ്ചലനായിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിൽ നടന്നത്.