കോവിഡ് മഹാമാരിക്കിടെ ഒരു കാലവര്‍ഷമുള്‍പ്പെടെ കുറെ മഴ ദിനങ്ങളും കടന്നുപോയി. രണ്ടാമത്തെ കാലവര്‍ഷമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നത്. കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തുകയും മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തില്ലെങ്കില്‍ വരാന്‍ പോകുന്ന വിപത്ത് അതിഭീകരമായിരിക്കും.
പല പകര്‍ച്ചപ്പനികളും വരാന്‍ സാധ്യതയുള്ള കാലമാണ് കാലവർഷം. കോവിഡ് കാലത്തെ സാധാരണ പനിയെ പോലും അത്രയേറെ ശ്രദ്ധയോടെ കാണേണ്ടതുണ്ട്. വൈറല്‍ ഫീവര്‍, ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങി മഴക്കാലത്ത് കോവിഡിനേക്കാള്‍ ജീവന് ഭീഷണിയാകുന്ന പനികളാണ് ഇവ. ഇത്തരം പനികളുടെ ലക്ഷണങ്ങളും കോവിഡിന്‍റെ ലക്ഷണവും തിരിച്ചറിയുക വലിയ വെല്ലുവിളി തന്നെയാണ്.
പ്രധാനമായും സൂക്ഷ്മത പുലര്‍ത്തേണ്ടത് മാസ്കിന്റെ കാര്യത്തിലാണ്. മഴക്കാലത്ത് പുറത്തുനിന്ന് വരുമ്പോള്‍ മാസ്കുകള്‍ നനയാന്‍ സാധ്യത കൂടുതലാണ്. നനഞ്ഞ മാസ്കുകള്‍ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയിട്ട് ധരിക്കാമെന്ന് കരുതി അലക്കാതെ മാറ്റിവെച്ച് വീണ്ടും എടുത്ത് ധരിക്കുന്നതും ശരിയല്ല. പുറത്തുപോകുമ്പോള്‍ കഴിവതും കൂടുതല്‍ മാസ്കുകള്‍ കയ്യില്‍ കരുതണം. ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യരുത്. മാസ്ക് നനഞ്ഞാല്‍ അത് അഴിച്ച് ഒരു സിപ്പ് ലോക്ക് കവറില്‍ പ്രത്യേകം ഇട്ട് സൂക്ഷിക്കണം. ഉപയോഗശൂന്യമായ മാസ്‌കുകൾ കത്തിച്ചു കളയണം. തുണി മാസ്‌കുകൾ ആണെങ്കിൽ സോപ്പുപയോഗിച്ചു നന്നായി കഴുകി കഴിയുന്നതും വെയിലത്തുണക്കി ഇസ്തിരിയിട്ട് വേണം ഉപയോഗിക്കണം.
പനിയോ ജലദോഷമോ കണ്ടാല്‍ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കണം. കുറവില്ലെങ്കില്‍ ചികിത്സ തേടണം. ആശുപത്രികളിൽ പോകുമ്പോൾ കഴിയുന്നതും രോഗി മാത്രം പോകാൻ ശ്രദ്ധിക്കണം.
സാമൂഹിക അകലം പാലിക്കുന്നത് തുടരുക. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുക, ലോക്ക്ഡൌണ്‍ ഇളവുകളുണ്ടെങ്കിലും ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കുക, പൊതുഗതാഗതം ഉപയോഗിക്കുന്നതും യാത്രകളും പരിമിതപ്പെടുത്തുക. ഇവയാണ് ഈ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
















