കൊൽക്കത്ത: മുതിർന്ന ബംഗാളി നടി സ്വാതിലേഖ സെൻഗുപ്ത അന്തരിച്ചു. 71 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്.
2019ൽ പുറത്തിറങ്ങിയ, സുദീപ് ചക്രവർത്തിയുടെ ബറോഫ് എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്. ഭർത്താവ് രുദ്രപ്രസാദ് സെൻഗുപ്ത, മകൾ സോഹിനി എന്നിവരുമായി ചേർന്നു നടത്തുന്ന നന്ദികർ എന്ന നാടകസംഘത്തിൽ സജീവമായിരുന്നു സ്വാതിലേഖ.
1984ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ ഘരേ ബെയർ എന്ന ചിത്രത്തിൽ സൗമിത്ര ചാറ്റർജിക്കൊപ്പം ബിമല എന്ന സ്വാതിലേഖയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
സ്വാതിലേഖയുടെ മരണം ബംഗാളി സിനിമയ്ക്കു നികത്താനാവാത്ത നഷ്ടമാണെന്നു ചലച്ചിത്ര പ്രവർത്തകർ പറഞ്ഞു. സംവിധായകൻ ശ്രീജിത് മുഖർജി, രാജ് ചക്രവർത്തി, നിർമാതാവ് ഒനിർ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലി നേർന്നു.
















