വാക്സിനേഷൻ കൊണ്ട് കൊറോണ വൈറസിൽ നിന്ന് പൂർണ സുരക്ഷ അവകാശപ്പെടാനാവില്ല എന്ന് ആരോഗ്യവിദഗ്ധർ ഇതിനകം വ്യക്തമാക്കിയതാണ്. എന്നാൽ വാക്സിനേഷൻ എടുത്തവർക്ക് വീണ്ടും കോവിഡ് ബാധിച്ചാൽ രോഗതീവ്രത കുറവായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ കണ്ടെത്തലുകളെ ശരിവെയ്ക്കുന്നു എന്നതാണ് ഡൽഹി എയിംസ് നടത്തിയ പഠനത്തിൽ പറയുന്നത്. വാക്സീൻ എടുത്തവരെ പോലും ബാധിക്കാൻ ശേഷിയുള്ളതാണ് ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് ഡെൽറ്റ വകഭേദമെന്ന് എയിംസ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
63 പേരെ ഉൾകൊള്ളിച്ചു നടത്തിയ എയിംസിന്റെ പഠനത്തിൽ 36 പേർ വാക്സീന്റെ രണ്ടു ഡോസും എടുത്തതാണ്. 27 പേർക്ക് ഒരു ഡോസ് ലഭിച്ചു. ഇവർ എല്ലാവർക്കും വാക്സീൻ എടുത്തതിനു ശേഷവും ഉണ്ടാകുന്ന കോവിഡ് അണുബാധയായ ബ്രേക്ക്‌ത്രൂ ഇൻഫെക്‌ഷൻ ഉണ്ടായി. ഇവരുടെ സാംപിളുകൾ ജനിതക സീക്വൻസിങ് നടത്തിയപ്പോൾ കണ്ടെത്തിയത് ഇവയിൽ B. 1.617.2 എന്ന ഡെൽറ്റ വകഭേദം പ്രബലമായിരുന്നു എന്നാണ്.
36 പേരുടെ സാംപിളുകളാണ് സീക്വൻസിങ് നടത്തിയത്. 19 പേർ കോവിഡ് വാക്സീന്റെ ഒരു ഡോസ് ലഭിച്ചവരും 17 പേർ രണ്ട് ഡോസുകളും ലഭിച്ചവരും ആയിരുന്നു. ഈ 36ൽ 23 സാംപിളുകളിലും ഡെൽറ്റ വകഭേദം കണ്ടെത്തി. പഠനത്തിൽ പങ്കെടുത്ത 63 പേരിൽ 10 പേർക്ക് കോവിഷീൽഡും 53 പേർക്ക് കോവാക്സീനുമാണ് ലഭിച്ചത്. രോഗികളുടെ ശരാശരി പ്രായം 37 ആണെന്നും ഇവരിൽ 41 പേർ പുരുഷന്മാരും 22 പേർ സ്ത്രീകളും ആയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
വാക്സീൻ എടുത്തശേഷം കോവിഡ് വൈറസ് ബാധിച്ച ആരും മരണപ്പെട്ടില്ല. വാക്സീൻ എടുക്കുന്നത് മരണനിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് പഠനം പറയുന്നത് .കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റ വകഭേദം ആണെന്ന് കരുതപ്പെടുന്നു. വാക്സീൻ എടുത്തവർ പോലും കോവിഡ് സുരക്ഷ മുൻകരുതലുകൾ ഉപേക്ഷിക്കരുതെന്ന് പഠനത്തിലെ കണ്ടെത്തലുകൾ പറയുന്നു.
















