കണക്കുകളിൽ കള്ളമില്ലെങ്കിൽ, സർക്കാരിന്റെ പരിസ്ഥിതി സ്നേഹം കള്ളമല്ലെങ്കിൽ കേരളം ഇതിനോടകം ഒരു കുഞ്ഞ് കാടായി മാറിയേനെ. പക്ഷേ, നമ്മുടെ നാട് ഇപ്പോഴും കാടായിട്ടില്ലാത്തതിനാൽ എവിടെയൊക്കെയോ അപാകതകൾ ഉണ്ടെന്ന് വേണം മനസിലാക്കാൻ. 2017 മുതൽ ഒരു കോടി തണലുകൾ പ്രതി വർഷം കേരളത്തിൽ വെച്ചുപിടിപ്പിക്കുന്നു എന്ന് സർക്കാർ രേഖകൾ പറയുന്നു. അതുവെച്ച് നോക്കിയാൽ ഇതിനോടകം അഞ്ച് കോടി മരങ്ങൾ കേരളത്തിൽ നട്ടുപിടിപ്പിച്ച് കഴിഞ്ഞു.
2000 മുതൽ 2017 വരെ ഏറ്റവും കുറഞ്ഞത് 6 കോടി മരങ്ങൾ നട്ടുവെന്നും കണക്കുകൾ പറയുന്നു. 1990 മുതൽ 2000 വരെ ആകെ നട്ടത് ഒരു കോടി മരമായിരുന്നിടത്താണ് വർഷം തോറും ഒരു കോടി എന്ന കണക്കിലേക്ക് എത്തിയത്. അതായത് 1990 മുതൽ 2020 വരെ നട്ടത് 11 കോടി മരങ്ങളാണ്. കേരളത്തിന് തണലൊരുക്കാൻ ലക്ഷ്യമിട്ട് നടന്ന ഈ കോടികൾ ചെലവ് വരുന്ന മരം നടീൽ യഥാർത്ഥത്തിൽ കേരളത്തിന് തണൽ ഒരുക്കിയോ എന്ന സംശയം ഇനിയും ബാക്കിയാണ്.
തണൽ ഒരുക്കിയ കാര്യം വെച്ച് നോക്കിയാൽ, ഉഷ്ണ മേഖലയിലെ മരങ്ങൾ ഓരോന്നും ശരാശരി 2 മുതൽ 4 മീറ്റർ വരെ വ്യാസത്തിൽ തണൽ തരുമെന്ന് കണക്ക്. അങ്ങനെ ആണെങ്കിൽ 11 കോടി മരങ്ങൾ ഒരുക്കിയ തണൽ എത്രയാണെന്ന് ആലോചിക്കാവുന്നതാണ്. എന്നാൽ നട്ട എല്ലാ മരങ്ങളും പടർന്ന് പന്തലിച്ചു എന്ന് പറയുന്നത് യുക്തിരാഹിത്യമാണ്. എന്നാൽ സർക്കാർ പഠന പ്രകാരം നട്ടതിന്റെ മൂന്നിൽ ഒന്ന് തണലായി എന്ന് പറയുന്നു. അങ്ങനെ എങ്കിൽ 2.75 കോടി മരങ്ങൾ വളർന്ന് തണലൊരുക്കി. ഇവക്കൊപ്പം, പലതും ഫലങ്ങളും തന്നു എന്ന് കരുതാം. 2.75 കോടി മരങ്ങൾ തണലൊരുക്കിയതിലൂടെ കുറഞ്ഞത് 50 ച.കി. മീറ്റർ ഇടതൂർന്ന കാട് ഉണ്ടായി എന്നാണ് സർക്കാർ കണക്കുകളിൽ നിന്ന് അനുമാനിക്കാവുന്നത്.
ഇനി, ഇത്രയും തണലുണ്ടാക്കാൻ (ഉണ്ടായോ എന്നത് ഓരോരുത്തരും ചുറ്റും നോക്കി തീരുമാനിക്കുക) സർക്കാർ ചെലഴിച്ചത് എത്ര തുകയാണെന്ന് നോക്കാം. 1990 മുതലുള്ള കണക്കുകൾ ഒന്നും പറയുന്നില്ല. വായിക്കുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ജനം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ. 2019-2020 വർഷത്തെ കണക്ക് മാത്രം നോക്കാം. 7,40,56,901 രൂപയാണ് സാമൂഹിക വനവത്കരണത്തിനായി ചെലവഴിച്ചത്.
7,40,56,901 ചെലവഴിച്ച് ആകെ നട്ടത് 52,31,700 തൈകളാണ്. പ്രതിവർഷം ഒരു കോടി തൈകൾ നടും എന്ന് പറയുമ്പോൾ തന്നെ യഥാർത്ഥ കണക്ക് എത്രയെന്നും ഇത് വഴി മനസിലാക്കാം. പറച്ചിലിന്റെ പകുതി മാത്രമാണ് നടക്കുന്നത് എന്ന് സാരം. ഇനി അതിനായി ചെലവഴിച്ച തുക വളരെ വലുതുമാണ്. ഓരോ ഇടത്തും ഉദ്പാദിപ്പിച്ച തൈകളുടെ കണക്കിൽ തന്നെ വ്യത്യാസങ്ങൾ ഉണ്ട്. തിരുവനന്തപുരത്ത് ഒരു തൈ ഉൽപാദിപ്പിക്കുന്നതിന് 2 രൂപ 40 പൈസയുമായെങ്കിൽ ഇടുക്കി ജില്ലയിൽ ഇത് 21 രൂപ 54 പൈസയാണ്. തിരുവനന്തപുരത്തേക്കാൾ പത്തിരട്ടി കൂടുതലാണ് ഇടുക്കിയിൽ.
മറ്റിടങ്ങളിലെ കണക്കുകൾ ഇങ്ങനെയാണ്:
തിരുവനന്തപുരം
ചെടികളുടെ എണ്ണം – 470000
ചെലവായ തുക – ₹ 11,28,000
തൈ ഒന്നിന് – ₹ 2.40
കൊല്ലം
ചെടികളുടെ എണ്ണം – 550000
ചെലവായ തുക – ₹ 65,19,000
തൈ ഒന്നിന് – ₹ 11.85
പത്തനംതിട്ട
ചെടികളുടെ എണ്ണം – 400000
ചെലവായ തുക – ₹ 66,88,000
തൈ ഒന്നിന് – ₹ 16.72
ആലപ്പുഴ
ചെടികളുടെ എണ്ണം – 430000
ചെലവായ തുക – ₹ 69,10,000
തൈ ഒന്നിന് – ₹ 16.07
ഇടുക്കി
ചെടികളുടെ എണ്ണം – 290000
ചെലവായ തുക – ₹ 62,47,000
തൈ ഒന്നിന് – ₹ 21.54
എറണാകുളം
ചെടികളുടെ എണ്ണം – 600000
ചെലവായ തുക – ₹ 51,70,000
തൈ ഒന്നിന് – ₹ 8.62
തൃശ്ശൂർ
ചെടികളുടെ എണ്ണം – 405000
ചെലവായ തുക – ₹ 56,36,000
തൈ ഒന്നിന് – ₹ 13.92
പാലക്കാട്
ചെടികളുടെ എണ്ണം – 502000
ചെലവായ തുക – ₹ 97,53,000
തൈ ഒന്നിന് – ₹ 19.43
മലപ്പുറം
ചെടികളുടെ എണ്ണം – 440000
ചെലവായ തുക – ₹ 58,00,231
തൈ ഒന്നിന് – ₹ 13.18
കോഴിക്കോട്
ചെടികളുടെ എണ്ണം – 370000
ചെലവായ തുക – ₹ 60,79,419
തൈ ഒന്നിന് – ₹ 16.43
വയനാട്
ചെടികളുടെ എണ്ണം – 294700
ചെലവായ തുക – ₹ 55,95,754
തൈ ഒന്നിന് – ₹ 18.99
കാസർഗോഡ്
ചെടികളുടെ എണ്ണം – 410000
ചെലവായ തുക – ₹ 73,13,000
തൈ ഒന്നിന് – ₹ 17.84
ഒരു വർഷത്തെ മാത്രം കണക്കുകൾ ഇങ്ങനെയാണ് എങ്കിൽ കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ മാത്രം എടുത്താൽ എന്തായിരിക്കും സ്ഥിതിയെന്നത് നോക്കാവുന്നതാണ്. ഏറെ കോട്ടങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള അവസരമായി കാണേണ്ട പരിസ്ഥിതി ദിനമെന്നത് പണം തട്ടാനുള്ള വെള്ളാനയായി മാറുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. കണക്കുകളിൽ മാത്രമാണ് നമ്മുടെ പരിസ്ഥിതി പുലി എന്ന് പറയുമ്പോൾ അത് നമ്മുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.
വംശനാശ ഭീഷണിയിൽപെട്ട 200 ഈട്ടി തടികൾ, 12000 അയണി മരങ്ങൾ വയനാട്ടിൽ നിന്നു മാത്രം വെട്ടി ഇറക്കിയ സർക്കാർ, മരംമുറി പുറത്തു കൊണ്ടുവന്ന റെയ്ഞ്ച് ഓഫീസറെ വരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങൾ കൂടി നാം മറക്കരുത്. ഇതാണ് നമ്മുടെ പരിസ്ഥിതി സംരക്ഷണമെങ്കിൽ നാം ഇതുവരെ കണ്ട പ്രളയവും കാറ്റും മഴയും കടൽ ക്ഷോഭവും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമെല്ലാം വെറും ട്രെയ്‌ലർ മാത്രമാണ് എന്ന് പറയേണ്ടിവരും. ഇടനാടും മലനാടും തീരപ്രദേശവുമെല്ലാം കൂടി കടലിലേക്ക് ഒലിച്ച് പോകാതിരിക്കാൻ നാം ഓരോരുത്തരും പ്രവർത്തിച്ച് തുടങ്ങേണ്ടതുണ്ട്.