കേരളത്തിൽ ഓൺലൈൻ അധ്യയനവർഷത്തിനു തുടക്കമിട്ടു ഇന്ന് 1 വര്ഷം തികയുന്നു. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിൽ വിദ്യാഭ്യാസ രീതി തന്നെ മാറ്റിക്കുറിച്ച ഒന്നായിരുന്നു. പ്രതീക്ഷകളും ആശങ്കകളുമായി മറ്റൊരു ഓൺലൈൻ അധ്യയനവർഷത്തിന് ഇന്ന് തുടക്കമാകുകയാണ്.
ആശങ്കയേറുമോ ഓൺലൈൻ വിദ്യഭ്യാസം
ഇത്തവണ വിക്ടേഴ്സ് ചാനൽ വഴിയുള്ള അധ്യാപനം കൂടാതെ ഓരോ സ്കൂളിൽ നിന്നും ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായിട്ടാണ് നടത്തുകയെങ്കിലും ഇത്തരം ക്ലാസുകൾക്ക് മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. കഴിഞ്ഞ വര്ഷം ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾ എത്രയുണ്ടെന്നറിയാൻ അധ്യാപകർ വഴി സമഗ്രശിക്ഷാ കേരളം കണക്കെടുപ്പ് നടത്തിയിരുന്നു. അതനുസരിച്ച്, ഓൺലൈൻ പഠനസൗകര്യമില്ലെന്നു കണ്ടെത്തിയവർക്കായി തുടങ്ങിയ പൊതുപഠന കേന്ദ്രങ്ങൾ കോവിഡ് വ്യാപനത്തോടെ നിലച്ചു. പുസ്തകങ്ങളടക്കം സജ്ജമാണെന്നത് വിദ്യാർഥികൾക്ക് ആശ്വാസമാണെങ്കിലും ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാർഥികൾ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങളനുസരിച്ചു 12 ശതമാനത്തോളം പേർക്ക് വീട്ടിൽ ടെലിവിഷനില്ലെന്നും എട്ടുശതമാനം കുട്ടികൾക്ക് സ്മാർട്ട് ഫോണില്ലെന്നുമാണ് കണക്ക്. ഇന്റർനെറ്റില്ലായ്മ , സ്മാർട്ട് ഫോണില്ലായ്മ എന്നിവയാണ് മറ്റു പ്രശ്നങ്ങൾ.കഴിഞ്ഞവർഷം വിക്ടേഴ്സ് ചാനൽ വഴിയുള്ള എല്ലാ ക്ലാസുകളും മുടങ്ങാതെ കണ്ടത് 67 ശതമാനം കുട്ടികളാണ്. ഇന്റർനെറ്റിന്റെ വേഗക്കുറവ് കാരണം 39.5 ശതമാനം കുട്ടികൾക്ക് ക്ലാസ് കാണാൻ കഴിഞ്ഞില്ല.
സർക്കാർ സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരും പ്രധാന അധ്യാപകരുമില്ലാത്തതും ഓൺലൈൻ പഠനകാലത്ത് വെല്ലുവിളിയാവും. മലയോര മേഖലകളിൽ മൊബൈൽഫോണിന് റേഞ്ചില്ലാത്തതും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കും. സ്ഥാനക്കയറ്റം സംബന്ധിച്ച യോഗ്യതയുടെ തർക്കം തുടരുന്നതിനാൽ ജില്ലയിൽ പല എൽ.പി സ്കൂളുകളിലും പ്രഥമാധ്യാപകരില്ലാത്തത് ഓൺലൈൻ ക്ലാസിന്റെ ആശങ്ക ഉയർത്തുന്നു.
ഇത്തവണ സ്കൂളുകൾ കേന്ദ്രീകരിച്ചും ഓൺലൈൻ ക്ലാസുകളുള്ളതിനാൽ അധ്യാപകക്ഷാമം പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയാകും. പല വിദ്യാലയങ്ങളും കോവിഡ് കെയർ സൻെററുകളായതിനാൽ പകരം സംവിധാനമൊരുക്കേണ്ടിവരും.
ഓൺലൈൻ സൗകര്യമില്ലെങ്കിൽ ആത്മഹത്യാ അല്ല പരിഹാരം
കഴിഞ്ഞ വര്ഷം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഡിജിറ്റൽ പഠന സൗകര്യമില്ലാത്തതിന്റെ വിഷമത്തിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ നടന്നതും ഏറെ വിവാദമായിരുന്നു. മൊബൈൽ ഫോണോ മറ്റ് ഓൺലൈൻ പഠന സമഗ്രഹികളോ ഇല്ലാത്തതിന്റെ മനോ വിഷമത്തിൽ ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവികയുടെ ഓർമക്ക് ഒരുവർഷം കോടി തികയുകയാണ്.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ല എന്ന ചെറിയ കാരണത്താൽ ജീവിതം അവസാനിപ്പിക്കുക അല്ല ചെയ്യേണ്ടത്. ഓൺലൈൻ പാഠ്യ പഠന ക്ലാസുകൾ കൊണ്ടുവരുന്നത് പോലെ കൗൺസിലിംഗ് ക്ലാസ്സുകളും സർക്കാർ കൊണ്ടുവരണം.ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന കുട്ടികൾ ഉള്ള കേരളത്തിലെ സ്കൂളുകളിൽ ഇത്തരം കൗൺസിലിംഗ് ക്ലാസുകൾ കൂടി വേണം. ഒരു മൊബൈൽ ഫോണോ ടിവി യോ അല്ല ജീവിതത്തിന്റെ ഭാവി നിർണയിക്കുക എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാക്കാൻ തക്ക പ്രചോദനം ആണ് ഇന്ന് കേരളത്തിലെ സ്കൂളുകളിൽ ആദ്യം വേണ്ടത്. ഓൺലൈൻ സംവിധനങ്ങൾ ക്യാഷ് കൊടുത്തു വാങ്ങി നൽകാൻ കഴിയാത്ത തങ്ങളുടെ രക്ഷിതാക്കളുടെ സാഹചര്യങ്ങൾ കൂടി വിദ്യർത്ഥികൾ മനസിലാക്കണം. അല്ലാതെ ആത്മഹത്യ ചെയ്യുക അല്ലാ വേണ്ടത്.
ഓൺലൈൻ ക്ലാസുകൾ മുടങ്ങിയാൽ അത് കുട്ടികൾക്ക് പിന്നീട് ലഭിക്കാൻ തക്ക സൗകര്യങ്ങൾ അധ്യാപകരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകണം. കുട്ടികളുടെ പഠന പരിമിതികൾ മനസിലാക്കി ഓൺലൈൻ ക്ലാസുകൾ എല്ലാവര്ക്കും ലഭിക്കാനും സ്കൂളുകളിലെ അധ്യാപകർ മുൻകൈ എടുക്കണം. ഡിജിറ്റൽ സാങ്കേതിക വിദ്യ ഇല്ലാത്തത് വഴി ഒരു കുട്ടിക്കും പഠനം മുടങ്ങില്ല എന്ന തോന്നൽ കുട്ടികളിൽ ഉണ്ടാകണം.ഓൺലൈൻ ക്ലാസുകൾ ആത്മഹത്യക്ക് വഴിയാകരുത്.