മഹാമാരിക്കാലത്തും ഇളകാത്ത മനസുമായി, യാതൊരു വിധ തിരുത്തലുകൾക്കും മുതിരാതെ വർഗീയ നിലപാടുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ എന്ന് തെളിയിക്കുകയാണ് പുതിയ തീരുമാനം. പ്രതിഷേധങ്ങളും കോവിഡും കാരണം നടപ്പിലാക്കുന്നത് നിർത്തിവെച്ച പൗരത്വ ഭേദഗതി നിയമം രാജ്യം കോവിഡ് ഭീതിയിൽ കഴിയുമ്പോൾ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. മുസ്‌ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയർത്ഥികൾക്ക് അപേക്ഷിക്കാവുന്ന തരത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. എന്നാൽ ഇതിലെ ഏറ്റവും വലിയ അപകടം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഇത് എന്നതാണ്.
അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്‌ലിം ഇതര പൗരന്മാർക്കാണ് അപേക്ഷിക്കാനുള്ള അവസരം. പ്രത്യേകം വീണ്ടും വായിക്കേണ്ടതുണ്ട്, മുസ്‌ലിം സമുദായത്തിൽ നിന്ന് ഒഴികെയുള്ളവർക്കാണ് മതേതര ഇന്ത്യയിലേക്ക് സ്വാഗതം. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന, കാണണമെന്ന് ലോകത്തെ പഠിപ്പിച്ച, എല്ലാ വൈവിധ്യങ്ങളിലും ഏകമനസോടെ നിന്ന ജനതയെയാണ് മതത്തിന്റെ പേരിൽ മോദി ഭരണകൂടം ഭിന്നിപ്പിക്കുന്നത് എന്ന് വീണ്ടും വീണ്ടും ഓർക്കേണ്ടതുണ്ട്.
ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്. ഇവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കാന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുക. പുറത്താകുന്നത് മുസ്‌ലിം മാത്രമാണ്.
മുസ്‌ലിം വിഭാഗത്തെ ശത്രു സ്ഥാനത്ത് കാണുന്ന സംഘപരിവാർ നേതാക്കൾ ഭരിക്കുന്ന രാജ്യത്ത് നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ വയ്യ എന്നായിട്ടുണ്ട് സ്ഥിതികൾ. എങ്കിലും മതേതരത്വത്തിൽ, ഇന്ത്യൻ ഭരണഘടനയിൽ പ്രതീക്ഷ പുലർത്തുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും ഇത് അംഗീകരിക്കാനാവില്ല. അതിനാൽ തന്നെ വരും നാളുകളിൽ കോവിഡ് വൈറസിനോട് മാത്രമാകില്ല രാജ്യത്തെ സംഘപരിവാർ – ആർഎസ്എസ് – ബിജെപി – എൻഡിഎ ഇതര പൗരന്മാർക്ക് പോരാടേണ്ടി വരിക.
2019 ൽ രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കിയ പൗരത്വ ഭേദഗതിക്കെതിരായ സമരം വീണ്ടും വൈകാതെ തെരുവുകളിൽ എത്തും എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. മഹാമാരിയുടെ ഭീതിയിൽ വീടുകളിൽ അടച്ചിരിക്കുന്ന ജനത്തിന് തെരുവിൽ ഇറങ്ങേണ്ടി വന്നാൽ അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതാകില്ല. കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ വീടുകളിൽ തന്നെ തളച്ചിടാൻ ഒരു ലോക്ക് ഡൗൺ പ്രഖ്യാപനം മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ ജനത്തെ തളച്ചിടാൻ സർക്കാരിന് എളുപ്പമാണ്. പ്രതിഷേധിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പകർച്ചവ്യാധി നിയമ പ്രകാരം കേസുകൾ ചുമത്താനും അറസ്റ്റ് ചെയ്യാനും എളുപ്പമാണ്. പകർച്ച വ്യാധി ഇല്ലാത്തപ്പോൾ തന്നെ രാജ്യദ്രോഹം ചുമത്തി നിരവധി യുവാക്കളെയും നേതാക്കളെയുമെല്ലാം ജയിലിൽ അടച്ചവരാണ് കേന്ദ്ര സർക്കാർ. അവരിൽ പലരും ഇപ്പോഴും തടവറക്കുള്ളിലാണ്. അവരിൽ പലരും കൗമാര പ്രായക്കാരായ വിദ്യാർത്ഥികളാണ്.
പൗരത്വ ഭേദഗതിക്കെതിരായ സമരത്തെ ഏറ്റവും വലിയ ജനശ്രദ്ധയിലേക്ക് എത്തിച്ചതിന് പിന്നിൽ രാജ്യത്തെ വിദ്യാർത്ഥി സമൂഹം വഹിച്ച പങ്ക് ഏറെ വലുതാണ്. രാജ്യതലസ്ഥാനം മുതൽ രാജ്യത്തിന്റെ മുഴുവൻ തെരുവുകളിലും വിദ്യാർത്ഥികൾ പ്രതിഷേധക്കടൽ തീർത്തപ്പോൾ രാജ്യത്തെ മതേതരത്വത്തിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് അവർക്കൊപ്പം നിൽക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡൽഹിയിലെ കേന്ദ്ര സർവകലാശാലകളിൽ നിന്ന് പൊട്ടി പുറപ്പെട്ട പ്രതിഷേധം ചുരുങ്ങിയ സമരം കൊണ്ടാണ് രാജ്യത്തെ മുഴുവൻ ക്യാമ്പസുകളിലേക്കും പടർന്ന് പിടിച്ചത്.
ഡൽഹിയിലെ തെരുവുകളിലും, ഷഹീൻ ബാഗിലും, ജമാ മസ്ജിദിന് മുന്നിലും നടന്ന സമരങ്ങളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് നടത്തിയ കൃത്യങ്ങൾ രാജ്യം മറന്നിട്ടില്ല. ഒടുവിൽ ഡൽഹിയിൽ കലാപം നടക്കുന്നതിലേക്ക് വരെ എത്തിച്ചു കാര്യങ്ങൾ. സംഘപരിവാർ ഒരുവശത്ത് നിന്ന് പൗരത്വ പ്രക്ഷോഭകരെ നേരിടുമ്പോൾ നിഷ്‌പക്ഷത പാലിക്കേണ്ട പോലീസ് പക്ഷെ അവർക്കൊപ്പം നിന്ന് പൗരത്വ പ്രക്ഷോഭകരെ നേരിടുന്നതാണ് കണ്ടത്.
രാജ്യം കോവിഡ് എന്ന ഭീകര വൈറസിന് മുന്നിൽ പകച്ച് നിൽക്കുമ്പോൾ രാജ്യത്തെ പൗരന്മാരെ ചേർത്ത് പിടിച്ച് അവരെ സംരക്ഷിക്കേണ്ടവരാണ് ഭരണ കർത്താക്കൾ. ലോകത്ത് മിക്കയിടത്തും അങ്ങനെയാണ്. അതുകൊണ്ടാണ് മിക്ക രാജ്യങ്ങളും കോവിഡ് പിടിയിൽ നിന്ന് മോചിതരാകുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം സേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നത്. കരിനിയമങ്ങൾ നടപ്പിലാക്കാൻ ഒരു മറയാണ് സർക്കാരിന് ഈ സമയം.
പൗരത്വ നിയമ ഭേദഗതി, പരിസ്ഥിതി ആഘാത നിയമ ഭേദഗതി, കര്‍ഷക നിയമങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന, കോവിഡ് വാക്‌സീന്‍ വിതരണം, ഒടുവിൽ ലക്ഷദ്വീപ് തുടങ്ങിയവ എടുത്ത് പരിശോധിച്ചാല്‍ സർക്കാർ ഈ മറക്ക് പിന്നിൽ നടത്തുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. അതേസമയം തന്നെ, പുറംമോടി നന്നാക്കൽ കൃത്യമായി നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും മുതലക്കണ്ണീർ പൊഴിക്കുകയും ചെയ്യുന്നുമുണ്ട് സർക്കാർ.
സിഎഎ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് എന്നാണ് ഭരണകൂട ഭാഷ്യം. എന്നാൽ അതൊരു കണ്ണിൽ പൊടിയിടുന്ന പ്രസ്താവന മാത്രമാണ് എന്നത് പകൽ പോലെ വ്യക്തമാണ്. രാജ്യമൊട്ടുക്കും നടന്ന പ്രതിഷേധങ്ങൾ അതിന് ഉദാഹരണവുമാണ്. സിഎഎ നടപ്പിലാക്കുന്ന മതങ്ങളുടെ പട്ടികയില്‍ നിന്ന് ഒരു പ്രത്യേക മതവിഭാഗത്തെ ഒഴിവാക്കിയത് ഭരണകൂടത്തിന്റെ താത്പര്യം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.