തിരുവനന്തപുരം : കഠിനംകുളത്ത് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്.
തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അരിയും ഗോതമ്പും പിടിച്ചെടുത്തത്. വിഴിഞ്ഞം സ്വദേശി സക്കീറിന്റെ കടമുറിയിലായിരുന്നു സാധനങ്ങൾ പൂഴ്ത്തിവെച്ചത്. പൂവാറിലെ റേഷൻ കടയിൽ നിന്നുള്ള അരിയും സാധനങ്ങളുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
അരി മറിച്ചുവിറ്റ കരാർ വിതരണക്കാരന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
റേഷൻ വിതരണ കരാറെടുത്തിട്ടുള്ള കൂടുതൽ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോവുകയാണെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു. കണ്ടെടുത്ത അരിയും ഗോതമ്പും സിവിൽ സപ്ലൈസിന് കൈമാറും. ജില്ലാ സപ്ലൈ ഓഫീസറും ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി.















