ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവില്‍ 80 ശതമാനം സീറ്റുകളില്‍ യാത്രക്കാരെ അനുവദിച്ചിരുന്നു. സീറ്റ് കുറയുന്നതോടൊപ്പം വിമാന നിരക്കിലും വര്‍ധനവ് വരും.
കഴിഞ്ഞവര്‍ഷം രണ്ട് മാസത്തെ ഇടവേളക്കുശേഷം 2020 മേയ് 25നാണ് ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചത്. ആദ്യഘട്ടത്തില്‍ 33 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ കയറ്റിയിരുന്നത്. എന്നാല്‍, ഡിസംബറോടെ സീറ്റ് പരിധി ക്രമേണ 80 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കി.
ജൂണ്‍ ഒന്ന് മുതല്‍ 40 മിനിറ്റിനുള്ളില്‍ ദൂരമുള്ള സര്‍വിസുകളുടെ കുറഞ്ഞ നിരക്ക് 13 ശതമാനം വര്‍ധിപ്പിച്ച് 2300ല്‍നിന്ന് 2600 ആയി ഉയര്‍ത്തി. 40 മുതല്‍ 60 മിനിറ്റ് വരെയുള്ള സര്‍വിസുകള്‍ക്ക് 2900ന് പകരം 3300 രൂപയായിരിക്കും കുറഞ്ഞനിരക്ക്.
കൂടാതെ 60-90, 90-120, 120-150, 150-180, 180-210 എന്നിങ്ങനെ സമയപരിധിയില്‍ സര്‍വിസ് നടത്തുന്ന വിമാനങ്ങള്‍ക്ക് യഥാക്രമം 4000, 4700, 6100, 7400, രൂപ 8700 രൂപ എന്നിങ്ങനെയായിരുക്കും കുറഞ്ഞനിരക്ക്.
നിലവില്‍ 60-90, 90-120, 120-150, 150-180, 180-210 മിനിറ്റികള്‍ക്കിടയിലുള്ള ആഭ്യന്തര വിമാന സര്‍വിസുകള്‍ക്ക് യഥാക്രമം 3500 രൂപ, 4100 രൂപ, 5300 രൂപ, 6400 രൂപ, 7600 രൂപ എന്നിങ്ങനെയാണ് തുക.
















