കവരത്തി: ലക്ഷദ്വീപിൽ എയർ ആംബുലൻസ് ഉപയോഗിക്കുന്നതിന് പുതിയ മാർഗനിർദേശമിറക്കി ആരോഗ്യവകുപ്പ്. എയർ ആംബുലൻസ് ആവശ്യമെങ്കിൽ ഇനി മുതൽ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി കത്ത് നൽകണം. മെഡിക്കൽ ഓഫീസറുടെ വാട്സാപ്പ്,എസ്എംഎസ് സന്ദേശങ്ങൾ വഴിയായിരുന്നു ഇത് വരെ എയർ ആംബുലൻസ് സൗകര്യം ഒരുക്കിയിരുന്നത്.
എന്നാൽ വാട്സാപ്പ്,എസ്എംഎസ് സന്ദേശങ്ങൾ ഒദ്യോഗിക രേഖകളായി സൂക്ഷിക്കാൻ കഴിയില്ല. ഈ കാരണത്താലാണ് കത്ത് നിർബന്ധമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളെ കൊച്ചിയിലേക്കും അഗത്തിയിലേക്കും കവരത്തി ദ്വീപുകളിലേക്കും മാറ്റുമ്പോൾ മെഡിക്കൽ ഓഫീസർ നാല് അംഗ കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് നേരത്തെ ഉത്തരവ് വന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
















