തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണമേന്മയുള്ള പി പി ഇ കിറ്റിനും മാസ്കിനും ക്ഷാമം നേരിട്ട് തുടങ്ങി. സർക്കാർ പുതുക്കി തീരുമാനിച്ച വിലയിൽ ഗുണമേന്മയുള്ള പി പി ഇ കിറ്റുകളും മാസ്കുകളും നൽകാനാവില്ലെന്ന് മെഡിക്കൽ ഉപകരണ നിർമാതാക്കൾ വ്യക്തമാക്കി. വില കൂട്ടണം എന്ന് ആവശ്യപ്പെട്ട് ഉപകരണ നിർമാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്റും സർക്കാരിന് കത്ത് നൽകി.
ബാക്ടീരിയയെയും വൈറസിനെയും പുറന്തള്ളുന്ന തരത്തിൽ തുണി ഉൾപ്പെടുത്താതെയാണ് നിലവാരമുള്ള പി പി ഇ കിറ്റിന്റെ നിർമാണം. 70 ജി എസ എം മുതൽ 90 ജി എസ് എം വരെ ഉള്ളതാണ് നിലവാരമുള്ള പി പി ഇ കിറ്റ്. രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരും ഇതാണ് ഉപയോഗിച്ചത്. സർക്കാരിന്റെ വില നിയന്ത്രണം വന്നതിൽ പിന്നെ ഇത്തരത്തിലുള്ള കിറ്റ് കിട്ടാനില്ല. വിതരണക്കാരുടെ കയ്യിലുള്ള സ്റ്റോക്ക് കൂടി തീർന്നാൽ ക്ഷാമം രൂക്ഷമാകും.
നിലവാരം കുറഞ്ഞ 30 ജി എസ് എം ഉള്ള പി പി ഇ കിറ്റാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. പി പി ഇ കിറ്റും മാസ്കുകളും നിർമിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഉത്തരേന്ത്യയിൽ നിന്നും എത്തണം. ഇവയ്ക്ക് 80 ശതമാനം വില കൂടി. ഈ സാഹചര്യത്തിൽ പുതുക്കിയ വിലയിലും ഇവ വിൽക്കാൻ കഴിയില്ലെന്ന് ഉപകരണ നിർമാതാക്കൾ പറഞ്ഞു.