തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലെങ്ങും കനത്ത മഴ. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയാണ് തുടരുന്നത്. ഇന്ന് വയനാട്,മലപ്പുറം,കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയിൽ നീര് ഒഴുക്ക് വർധിച്ചതോടെ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നിരിക്കുകയാണ് ഇപ്പോൾ. പ്രദേശത്തു ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുതിരപ്പുഴയാർ,പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
മലയോരമേഖലകളിൽ ശക്തമായ മഴ നിർത്താതെ പെയ്യുകയാണ്. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്ന് സംശയമുണ്ട്. പമ്പയിലും അച്ഛൻ കോവിലാറിലും ജലനിരപ്പ് ഉയർന്നു. മലപ്പുറത്ത് കോൾനിലങ്ങളിൽ വലിയ കൃഷിനാശമുണ്ടായി. തിരുവനന്തപുരത്ത് കണ്ണമൂലയിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണ് ഇടിച്ചലിൽ ഒരാൾ മരിച്ചു.