തിരുവനന്തപുരം: ജൂൺ മാസത്തിൽ ലോക്ക് ഡൗൺ തുടരുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഈകാര്യത്തിൽ തീരുമാനമെടുക്കുക.
പ്രതിദിന രോഗികളുടെ എണ്ണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാണ് ഈ കാര്യത്തിൽ തീരുമാനമുണ്ടാകുക. മെയ് മാസത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ എത്രത്തോളം ഫലപ്രദമായി എന്നറിയുക മെയ് മാസത്തിനു ശേഷമായിരിക്കും. ഇപ്പോൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. കോവിഡിന് ഒപ്പം ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പകരാൻ സാധ്യത ഉണ്ട്.അതിനാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.