മലയാള സിനിമയുടെ നടന വിസ്മയം ഭൂമിയിലെത്തിയിട്ട് ഇന്ന് അറുപത്തിയൊന്നു വർഷങ്ങൾ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിൻറെ ജന്മദിനത്തിന്റെ സന്തോഷത്തിലാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള ആരാധകരും. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പകരം വെക്കാനില്ലാത്ത അഭിനയകുലപതിയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മോഹൻലാലിനു അധിക സമയം വേണ്ടി വന്നില്ല.കഥാപാത്രങ്ങൾക്കും കഥക്കും വേണ്ട ഭാവങ്ങൾ സൂഷ്മമായി അവതരിപ്പിക്കാനുള്ള മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നു. അത്രമേൽസിനിമയോട് അർപ്പണബോധമുള്ള കലാകാരൻ. അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്ന് പലപ്പോഴും സംശയിച്ച് പോകുന്ന ലാലേട്ടന്റെ പ്രകടങ്ങൾ അന്നും ഇന്നും സിനിമാ പ്രേമികൾക്ക് അത്ഭുതം തന്നെയാണ്.
മലയാളത്തിനു അപ്പുറം ഇന്ത്യൻ സിനിമയ്ക്ക് തന്നെ മോഹൻലാലിൻറെ അഭിനയം അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.
1960 മേയ് 21 ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായിയിട്ടായിരുന്നു മോഹൻലാലിൻറെ ജനനം. ജനിച്ചത് പത്തനംതിട്ടയിലാണെങ്കിലും തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം.
തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ എന്ന നടന്റെ തുടക്കവും അവിടെ നിന്ന് തന്നെയായിരുന്നു.സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് അഭിരുചി കാണിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും നിറ സാന്നിധ്യമായിരുന്നു.ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ കലാമേളയിൽ മികച്ച നടനായി മോഹൻലാലിനെ തിരഞ്ഞെടുത്തു. സ്കൂൾ ജീവിതവും അവിടുത്തെ കൂട്ടുകാരും മോഹൻലാലിനു എന്നും പ്രിയപ്പെട്ടത് തന്നെ.
സ്കൂൾ കാലഘട്ടത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്ന മോഹൻലാലിന്റെ സുഹൃത്തുക്കളായിരുന്ന പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവരുടെ സൗഹൃദവും മലയാളസിനിമയിലേക്കുള്ള മോഹൻലാലിന്റെ യാത്രയിൽ സ്വാധീനം ചെലുത്തി. സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്.
1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല. 1980ൽ ലാലിന്റെ ഇരുപതാമത്തെ വയസിൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രം മോഹൻലാലിന്റെ ജീവിതത്തെ മാറ്റിമറിച്ചു. പിന്നീടവിടന്നു മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ തിരശീല ഉയരുകയായിരുന്നു. വില്ലനായി എത്തി പിന്നീട് നായകനായി താരം അഭിനയ വിസ്മയം തീർക്കുകയായിരുന്നു. 1983 ൽ ഇരുപത്തിയഞ്ചോളം പടങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെ മികച്ച സിനിമകൾ പിറന്ന വർഷങ്ങൾ കൂടിയായിരുന്നു. അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ തന്റെ അഭിനയ മികവ് കൂടി കാഴ്ചവെച്ചപ്പോൾ മലയാളികൾക്ക് കിട്ടിയത് എന്നും ഓർത്തിരിക്കുന്ന ഒരുപാടു നല്ല ചിത്രങ്ങൾ .
ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ പരിഗണിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
അഭിനയത്തിന്റെ പാഠപുസ്തകം കൂടിയാണ് മോഹൻലാൽ.ഒരു നടൻ എന്ന നിലയിൽ എല്ലാ കഴിവുകളും പ്രകടനങ്ങളും ഇതിനോടകം തന്നെ മോഹൻലാൽ കാഴ്ച വെച്ച് കഴിഞ്ഞു.ഏതു ഭാവങ്ങളെയും അതേപടി തന്നിലേക്ക് ആവാഹിച്ച് പ്രതിഫലിപ്പിക്കുന്ന ലാലേട്ടൻ. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്തത്ര അതുല്യ പ്രതിഭ.അതെ, മോഹൻലാൽ എന്ന വിസ്മയത്തിനു ഇന്ന് 61 ആം പിറന്നാൾ.