എന്‍സിപി – സിപിഎം നേതൃത്വവുമായുളള അടുത്ത ബന്ധമാണ് മന്ത്രിപദം ഉറപ്പാക്കുന്നതിലും എ കെ ശശീന്ദ്രന് നേട്ടമായത്. പിണറായി മന്ത്രിസഭയില്‍ എ.കെ ശശീന്ദ്രന് ഇത് രണ്ടാം ഊഴമാണ്.
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതാവായിരിക്കെയാണ് എന്‍സിപിയിലേക്കുളള ശശീന്ദ്രന്റെ ചുവടുമാറ്റം. ശശീന്ദ്രൻ നിയമസഭയിൽ എത്തുന്നത് ഇത് ആറാം തവണ. 1980ൽ പെരിങ്ങളത്തു നിന്നും 1982ൽ എടക്കാട്നിന്നും 2006ൽ ബാലുശ്ശേരിയിൽ നിന്നും നിയമസഭാംഗമായ ശശീന്ദ്രന് ഇക്കുറി എലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. എലത്തൂരിൽ നിന്നുളള തുടര്‍ച്ചയായ മൂന്നാം ജയം, അതും ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി. കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗവേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ് പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു.
ആദ്യ പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായ ശശീന്ദ്രന് ഹണി ട്രാപ്പ് കേസിൽ ആരോപണ വിധേയനായി മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. പാല സീറ്റിനെച്ചൊല്ലി മാണി സി കാപ്പന് ഇടഞ്ഞപ്പോള്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നു. ഒടുവില്‍ എലത്തൂരില്‍ വീണ്ടും ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യ പ്രതിഷേധമുയര്‍ത്തിയെങ്കിലും പാര്‍ട്ടി നേതൃത്വം തുണച്ചു. പാര്‍ട്ടി നേതൃത്വവും മുന്നണി നേതൃത്വവും ഒരുപോലെ കനിഞ്ഞതോടെയാണ് രണ്ടാം പിണറായി മന്ത്രിസഭയിലും എ.കെ ശശീന്ദ്രന് സ്ഥാനം ലഭിച്ചത്.