27 വർഷം ഇടതിനൊപ്പം നിന്നതിനുള്ള അംഗീകാരം അഹമ്മദ് ദേവർ കോവിലിനു ലഭിച്ച ഈ മന്ത്രി സ്ഥാനം. നിലവിൽ ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറിയാണ്. അഹമ്മദ് ദേവര്‍ കോവില്‍ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാവുന്നതോടെ ഐഎൻഎല്ലിനിത് ചരിത്ര നിമിഷമാണ്. രണ്ടര പതിറ്റാണ്ടായുള്ള ഐഎൻഎല്ലിന്റെ കാത്തിരിപ്പിന് ആണ് അഹമ്മദ് ദേവർ കോവിലിന്റെ മന്ത്രി സ്ഥാനത്തിലൂടെ അവസാനമാകുന്നത്.
ലീഗ് പിളർന്ന് 27 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് കഴിഞ്ഞ മന്ത്രിസഭ വരെയും ഒരു മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. 30 വർഷത്തിനു ശേഷമാണ് ഒരു മുസ്‌ലിം കേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടി എൽഡിഎഫ് മന്ത്രിസഭയില്‍ ഇടം നേടുന്നത് . കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മോഹം അഹമ്മദ് ദേവര്‍ കോവിലിലൂടെ ഇപ്പോള്‍ സാധ്യമാവുന്നത്.
ദേശീയ, സംസ്ഥാന തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മുന്‍നിര നേതാവാണ് അഹമ്മദ് ദേവര്‍കോവില്‍. കോഴിക്കോട് കുറ്റിയാടിക്കടുത്ത് ദേവര്‍ കോവില്‍ സ്വദേശിയാണ്. എംഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ വന്നു. നേരത്തെ അഖിലേന്ത്യാ ലീഗിന്റെ നേതാവായിരുന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐഎന്‍എല്‍)ന്റെ മുഖ്യ കാര്യദര്‍ശി. അടിയന്തരാവസ്ഥ കാലത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ചു ജയില്‍ വാസവും അഹമ്മദ് ദേവർ കോവിൽ അനുഭവിച്ചു.
1994 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ തുടങ്ങിയ പാര്‍ട്ടി ബന്ധം നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നി പദവികള്‍ വഹിച്ചു. നിലവില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു.
മുന്നണിയിൽ അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 26 വര്‍ഷത്തോളം എല്‍ഡിഎഫുമായി സഹകരിച്ച നാഷണല്‍ ലീഗിന് വൈകി ലഭിച്ച അംഗീകാരമായാണ് ദേവര്‍കോവിലിന്റെ തുറമുഖ വകുപ്പ് മന്ത്രിസ്ഥാനമെന്നാണ് വിലയിരുത്തൽ. ലീഗിന്റെ ഏക വനിതാ സ്ഥാനാർഥി നൂർബിനാ റഷീദിനെ തോൽപിച്ചാണ് കോഴിക്കോട് സൗത്തില്‍ നിന്നാണ് ഇത്തവണ അഹ്മദ് ദേവര്‍ കോവില്‍ വിജയിച്ചത്.