തലസ്ഥാന നഗരിയുടെ സമരനേതാവാണു വി. ശിവന്‍കുട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു നേമം. എന്‍ഡിഎയുടെ കുമ്മനം രാജശേഖരന്നേയും യുഡിഎഫിന്റെ കെ മുരളീധരനേയും പരാജയപ്പെടുത്തിയാണ് വി.ശിവന്‍കുട്ടി മിന്നും ജയം സ്വന്തമാക്കിയത്.
1954 ല്‍ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായിരുന്ന എം. വാസുദേവന്‍ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി ജനനം. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തി.പിന്നീട് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും തലസ്ഥാന നഗരിയുടെ മേയറായും എം.എല്‍.എയുമായി ആ രാഷ്ട്രീയം വളര്‍ന്നു. നിലവില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ്. കൂടാതെ, കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു.
രാജ്യത്ത് ഒരു നഗരസഭ ആദ്യമായി സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പാല് വിതരണ പദ്ധതി ആരംഭിച്ചത് ശിവന്‍കുട്ടിയുടെ കാലത്താണ്. ജനവിഭാഗങ്ങള്‍ക്കുവേണ്ടി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അംബേദ്കര്‍ പുരസ്കാരവും മികച്ച പൊതുപ്രവര്‍ത്തകനുള്ള വരദരാജന് നായര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സമരമുഖത്ത് ലാത്തിക്കും ഗ്രനേഡുകള്‍ക്കും മുന്നില്‍ പതാറാതെ ശിവന്കുട്ടിയുണ്ടായിരുന്നു. പാര്‍ട്ടി സംവിധാനങ്ങള്‍ക്കപ്പുറം സങ്കടങ്ങളും ആവശ്യങ്ങളും നേരില്‍ പറയാനും പരിഹാരം കാണാനും കഴിയുന്ന നേതാവാണ് വി. ശിവന്‍കുട്ടി.
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ചിന്തകനുമായ പി. ഗോവിന്ദപ്പിള്ളയുടെ മകളും പി.എസ്.സി അംഗവുമായ ആര്. പാര്‍വതി ദേവിയാണ് ഭാര്യ. പി. ഗോവിന്ദ് ശിവനാണ് മകന്.