കെ.കെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും.ആറന്മുളയില്‍ നിന്ന് രണ്ടാം തവണ നിയമസഭയിലേക്ക് എത്തുന്ന വീണ ഇത്തവണ പിണറായി സർക്കാരിന്റെ മന്ത്രിസഭയിലെ അംഗമാകുകയാണ്.
മൈലപ്ര കുമ്പഴ നോര്‍ത്ത് വേലശ്ശേരി പാലമുറ്റത്ത് അഭിഭാഷകനായ പി.ഇ.കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലറായ റോസമ്മ കുര്യാക്കോസിന്റെയും മകളാണ് വീണാ ജോര്‍ജ്. കേരള സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വീണാ ജോര്‍ജ് പഠനകാലത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകയായിരുന്നു. രണ്ട് വര്‍ഷം പത്തനംതിട്ട കതോലിക്കേറ്റ് കോളേജില്‍ അധ്യാപികയായി ജോലിചെയ്തു. പിന്നീട് വിവിധ മലയാളം വാര്‍ത്താചാനലുകളില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. ഒരു മലയാളം വാര്‍ത്താചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ പദവി വഹിച്ച ആദ്യവനിതയാണ്.
മാധ്യമപ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞു നിന്ന സമയത്തായിരുന്നു വീണ ജോര്‍ജിന്റെ രാഷ്ട്രീയപ്രവേശനം. 2016-ല്‍ സി.പി.എം. സ്ഥാനാര്‍ഥിയായി ആറന്മുളയില്‍ മത്സരിച്ച വീണാ ജോര്‍ജ് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നിയമസഭയില്‍ എത്തിയത്.
നിയമസഭയിലെ സജീവ ശബ്ദമായിരുന്നു വീണ ജോര്‍ജ്. 2018-ലെ മഹാപ്രളയത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന് നേതൃത്വം നൽകിയ വീണ പ്രളയത്തില്‍ ആറന്മുളയിലെയും പത്തനംതിട്ടയിലെയും ജനങ്ങള്‍ക്ക് എല്ലാസഹായവും ഉറപ്പുവരുത്തിയിരുന്നു. 2019-ല്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വീണയുടെ വിജയം. ഏറ്റവും സ്രെദ്ധയോടെ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ട ആരോഗ്യവകുപ്പ് തന്നെ വീണക്ക് പാർട്ടി നൽകണമെങ്കിൽ നേതൃത്വമികവിന്റെ ഉറച്ച വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന ഉറപ്പ് തന്നെയാണ് വീണാ ജോർജിനുമുള്ളത്.