സിപിഎമ്മിന്‍റെ ശക്തനായ രാഷ്ട്രീയ പോരാളിയാണ് മികച്ച പാര്‍ലമെന്‍റേറിയനായി പേരെടുത്ത എംബി രാജേഷ്. പത്ത് വർഷത്തെ യുഡിഎഫിന്റെ വിജയത്തെ തിരുത്തിക്കുറിച്ചാണ് തൃത്താലയിൽ നിന്ന് എംബി രാജേഷ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. തൃത്താലയിൽ നിന്നും ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി ടി ബൽറാമിനെ മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം ബി രാജേഷ് തൃത്താല വീണ്ടും സിപിഎമിനു നേടികൊടുക്കുന്നത്. പാർട്ടി ഇപ്പോൾ രാജേഷിനെ ഏല്‍പ്പിക്കുന്നത് സഭാനാഥനെന്ന ചുമതല. പത്തുവർഷക്കാലം പാർലമെന്റ് അംഗമായി തിളങ്ങിയ അനുഭവ സമ്പത്തുമായിട്ടാണ് നിയമസഭയിലെ കന്നിയങ്കത്തിൽ വിജയവുമായി എംബി രാജേഷ് സ്‌പീക്കറായി എത്തുന്നത്.
ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ആയിരുന്ന മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടേയും കാറൽമണ്ണ മംഗലശ്ശേരി എം.കെ രമണിയുടേയും മകനായി പഞ്ചാബിലെ ജലന്തറില്‍ ആയിരുന്നു രാജേഷിന്റെ ജനനം. കയിലിയാട് കെ.വി യുപി, ചളവറ ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദവും രാജേഷ് കരസ്ഥമാക്കി. എസ്എഫ്ഐ, ഡിവൈഎഫ്ഐയിലൂടെ സംഘടനാ രംഗത്തു വന്ന രാജേഷ് സിപിഎമ്മിന്‍റെ സംസ്ഥാന സമിതി അംഗമായിരുന്നു.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ രാജേഷ് വഹിച്ചു.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ തന്നെ രാജേഷ് വിജയം നേടിയിരുന്നു. 2014 ൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വീണ്ടും പാർലമെന്റിലേക്ക്.2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര- സാങ്കേതികം, പെട്രോളിയം, ഊര്‍ജ്ജകാര്യം, കൃഷി എന്നീ പാര്‍ലമെന്ററി സമിതികളില്‍ എം ബി രാജേഷ് പ്രവര്‍ത്തിച്ചു. ലോക്സഭയിലേക്കുള്ള മൂന്നാമങ്കത്തില്‍ രാജേഷ് പരാജയപ്പെട്ടു.
രാജേഷ് കാഴ്ചവെച്ച വികസന പ്രവർത്തനങ്ങളാണ് പാർലമെന്റേറിയനെന്ന നിലയിൽ അദ്ദേഹത്തിനു ശ്രെദ്ധ നേടികൊടുക്കുന്നത്.പിന്നിട്ട സമരതീച്ചൂളകളിലെ ആർജ്ജവമാണ് നിയമസഭയുടെ നിയന്ത്രണാധികാരിയായി സ്ഥാനമേറ്റെടുക്കുന്ന എം ബി രാജേഷിന്റെ എക്കാലത്തെയും ബലാബലം .