തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതിക സുഭാഷ്. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സിപിഎമ്മിനു കഴിഞ്ഞെന്ന് ലതിക ഫേസ്ബുക്കില്‍ കുറിച്ചു.
1987ലെ തെരഞ്ഞെടുപ്പ് കാലത്ത് ‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചിടും’ എന്ന മുദ്രാവാക്യം കൊണ്ട് ഒരു ജന സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചിട്ട്, ഇടതു മന്ത്രിസഭ വന്നപ്പോൾ ശ്രീമതി ഗൗരിയമ്മയല്ല, ശ്രി.ഇ.കെ നായനാർ മുഖ്യമന്ത്രിയായി. അന്ന് സമുദായമാണ് തടസ്സമായതെന്ന് വളരെ വ്യക്തമായി ഗൗരിയമ്മയുൾപ്പെടെ പറഞ്ഞതാണ്. സമുദായമൊന്നുമല്ല, പ്രശ്നം സ്ത്രീയായതു തന്നെയാണെന്ന് അന്നും ഇന്നും വ്യക്തമാണെന്ന് ലതിക സുഭാഷ് പറഞ്ഞു.
ആരോഗ്യമന്ത്രി എന്ന നിലയിലുള്ള ശൈലജ ടീച്ചറിന്റെ പ്രകടനം ശ്രദ്ധേയവും മികച്ചതുമായിരുന്നു. മറ്റ് പല മന്ത്രിമാരിൽ നിന്നും വിഭിന്നമായി കഴിഞ്ഞ അഞ്ച് വർഷവും യാതൊരു വിധ ആക്ഷേപങ്ങളും കേൾപ്പിക്കാതെയാണ് ടീച്ചർ ആരോഗ്യവകുപ്പിനെ നയിച്ചത്. ഇക്കുറി കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ നിയമസഭാ സ്ഥാനാര്‍ത്ഥി എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന സ്ഥാനത്തേയ്ക്ക് ശൈലജ ടീച്ചറെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ആഗ്രഹിച്ചിരുന്നതുമാണ്. എന്നാൽ ഈ കൊറോണ കാലത്ത് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് പൂർവാധികം ഭംഗിയായി കൊണ്ടു പോകുന്നത് ഒഴിവാക്കുക വഴി , കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സി.പി.എമ്മിനു കഴിഞ്ഞു എന്ന് ലതിക സുഭാഷ് കൂട്ടിച്ചേർത്തു.