തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ എൻസിപിയുടെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായതായി സൂചന. ദേശീയ നേതാവ് പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ധാരണയായത്. ആദ്യത്തെ രണ്ടര വർഷം നിലവിലെ മന്ത്രിയായ എ.കെ ശശീന്ദ്രൻ തുടരും. തുടർന്നുള്ള രണ്ടര വർഷം തോമസ് കെ തോമസ് മന്ത്രിയാകും.
തോമസ് കെ തോമസ് മുഴുവൻ സമയ മന്ത്രിയാകുമെന്ന സാധ്യത ഉയർന്നിരുന്നെങ്കിലും ഒടുവിൽ ഇരുകൂട്ടർക്കും സമ്മതമായ ധാരണയിലേക്ക് എത്തുകയായിരുന്നു. നിലവിൽ മന്ത്രിയായ എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതോടെ 21 അംഗ മന്ത്രിസഭയിൽ വീണ്ടും തുടരുന്ന ഒരു മന്ത്രി കൂടി ആയി. നിലവിൽ എലത്തൂരിൽ നിന്നുള്ള ജനപ്രതിനിധായാണ് അദ്ദേഹം.
കുട്ടനാട് എംഎൽഎയും മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനുമായി തോമസ് കെ തോമസ്. ആദ്യത്തെ രണ്ടര വർഷത്തിന് ശേഷം ഇദ്ദേഹം മന്ത്രിയാകുന്നതോടെ കുട്ടനാടിന് സ്വന്തമായി ഒരു മന്ത്രിയാകും. വെള്ളപ്പൊക്കവും, പ്രളയവും കൃഷിനാശവുമെല്ലാം പിടിച്ചുലക്കുന്ന കുട്ടനാടിന് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം ആസ്വാഹസമാകുമെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ദേശീയ അധ്യക്ഷൻ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. തുടർന്നാണ് മന്ത്രിയുടെ കാര്യത്തിൽ തീരുമാനമായത്.















