തിരുവനന്തപുരം: ആത്മഹത്യ പ്രവണത ഉള്ളവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ‘കാൾ കൂൾ’ പദ്ധതി നാളെ ആരംഭിക്കുന്നു. അത്മഹത്യ പ്രതിരോധിക്കുന്നതിൽ ടെലഫോണിന് വലിയ പങ്ക് വഹിക്കാൻ കഴിയും. കേരളത്തിലും ഈ മാർഗം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യ പ്രവണത ഉള്ള ഒരാൾക്ക് ഫോൺ വിളിച്ചാൽ സംസാരിക്കാൻ ഒരാളെ കിട്ടുകയെന്നത് പ്രധാനമാണ്. ‘കാൾ കൂൾ’ എന്ന പദ്ധതി വിഭാവനം ചെയ്യുന്നത് അതാണ്.
ചില പ്രതിസന്ധികൾക്ക് മുന്നിൽ ജീവിതം സ്വയം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്. ജീവിതത്തോട് ഇഷ്ടമില്ലാത്തവരല്ല പലപ്പോഴും ഈ ശ്രമങ്ങൾ നടത്തുന്നത്. ചില പ്രത്യേക സന്ദർഭങ്ങളിൽ മറ്റു പോംവഴികൾ ഇല്ലെന്ന് തോന്നിയിട്ടാകാം ഒരാൾ ജീവനൊടുക്കാൻ ശ്രമിക്കുന്നത്. മാനസിക രോഗങ്ങളുടെ ഭാഗമായുണ്ടാകുന്ന ആത്മഹത്യാ പ്രവണതയും ഉണ്ട്. ആത്മഹത്യാ ശ്രമത്തിന് തൊട്ടുമുമ്പ് ആരെങ്കിലുമായി സംസാരിക്കാൻ കഴിഞ്ഞാൽ പലപ്പോഴും ജീവൻ കളയാനുള്ള ശ്രമം ഒഴിവയെന്ന് വരും. അങ്ങനെ ഒരു ആത്മഹത്യാ ശ്രമം തൽക്കാലം ഒഴിവാക്കിക്കിട്ടിയാൽ പിന്നീട് അവരുമായി വിശദമായി സംസാരിക്കാൻ കഴിഞ്ഞെന്നുവരും.
ആവശ്യമെങ്കിൽ മരുന്നുകൾ നൽകിയുള്ള ചികിത്സ കൊടുക്കാൻ കഴിയും. അവരുടെ ജീവിതത്തിൽ കുടുംബാംഗങ്ങളെക്കൊണ്ട് കൂടുതൽ ഇടപെടലുകൾ നടത്തിക്കാൻ കഴിഞ്ഞെന്ന് വരും. സമൂഹത്തെ ഇടപെടുത്താൻ കഴിഞ്ഞെന്നു വരും. ഇതിനെല്ലാം കഴിയണമെങ്കിൽ ആത്മഹത്യാ ശ്രമങ്ങൾ ഒഴിവാകണം. ജീവിതം അവസാനിപ്പിക്കാൻ തോന്നുന്ന നിമിഷം ഇടപെടാനും ആശ്വസിപ്പിക്കാനും ഒരാൾ വേണം.
ഒളിംപ്യൻ ചന്ദ്രശേഖർ മേനോൻ ട്രസ്റ്റാണ് ഈ ആശയത്തിന് സാമ്പത്തിക പിന്തുണ നൽകുന്നത്. ട്രസ്റ്റിന്റെ രജിസ്ടേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്. സമയം നഷ്ടപ്പെടുത്താതെ ഈ പദ്ധതി നാളെ കാലത്ത് എട്ടുണി മുതൽ ആരംഭിക്കുകയാണ്. കൊവിഡ് 19 രോഗവും നമ്മളിൽ പലർക്കും മാനസിക സംഘർഷങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഒക്കെ കാരണമായിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് പദ്ധതി ഉടൻ ആരംഭിക്കുന്നത്.
8929800777 എന്ന ഫോൺ നമ്പരാണ് ഈ പദ്ധതിയുടേത്. ആത്മഹത്യ പ്രവണത ഉണ്ടാകുന്നവർ ഈ നമ്പരിൽ ബന്ധപ്പെട്ടാൽ പ്രത്യേക പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റുമായി അവർക്ക് സംസാരിക്കാൻ കഴിയും. ചികിത്സ ആവശ്യമുണ്ടെങ്കിൽ അതിനുള്ള ഉപദേശവും ലഭിക്കും.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സൂപ്രണ്ടായിരുന്ന മാനസികാരോഗ്യ വിദദ്ധൻ ഡോ: അബ്ദുൽ ബാരിയാണ് പദ്ധതിക്ക് സാങ്കേതിക നേതൃത്വം നൽകുന്നത്. അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധൻ ഡോ: സാഗർ തങ്കച്ചനും പദ്ധതിയുടെ ഉപദേഷ്ടാവായി ഉണ്ട്. ഡോക്ടർമാരുടെയും സൈക്കോളജിസ്റ്റുകളുടെയും ഒരു ടീം ഇവർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയോടുള്ള പ്രതികരണമനുസരിച്ച് ഭാവിയിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കേണ്ടി വന്നാൽ അതിനുളള പിന്തുണ ചില സാമൂഹ്യ പ്രവർത്തകരും വിവിധ പ്രൊഫഷണൽ പ്രസ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമയമെടുത്ത് വളരെ ആലോചിച്ചും ഞങ്ങൾ പലരുടേയും പൂർണ്ണമായ സന്നദ്ധ സേവനത്തിന്റെ ഭാഗമായും തുടങ്ങുന്ന പദ്ധതിയാണിത്. അതിനാൽ തികഞ്ഞ ഗൗരവത്തോടെ ഇതിനെ കാണണം. മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള ഒരു ശ്രമമായി ഇതിനെ കാണണം. തമാശയ്ക്കോ വെറുതേ പരീക്ഷിച്ചു നോക്കാനാ ഈ നമ്പരിൽ ദയവായി വിളിക്കരുത്.
ഉപദേശക സമസമിതി: ഡോ: എ.കെ. ജയശ്രീ, പി. വിജയൻ ഐ.പി.എസ്, ഡോ. ശ്രീജിത് എൻ കുമാർ, ഡോ. എൻ. സുൽഫി, മൈത്രേയൻ, ഗോപിനാഥ് മുതുകാട്, ജി. ശ്രീറാം, ജി വേണുഗോപാൽ, ബാബു ഗോപാലകൃഷ്ണൻ, പ്രൊഫസർ ശ്രീലത, നൗമാമണി, മാണി പോൾ, ഡോ. ഷിറാസ് ബാവ, അനു. എസ്. നായർ, രാജീവ് ഗോപാലകൃഷ്ണൻ, ജോൺസൺ ഇടയാറന്മുള, അഡ്വക്കേറ്റ് ബി. ബാലമോഹൻ, ബിജു.പി. നായർ, സലിം കുമാർ, ബേബി.റ്റി ആയൂർ, നൗറിൽ എൻ, എ.സറഫ്, ഡോ: വി.ജി. വിനോദ് കുമാർ, സി.വി. സുരേഷ്, ഡോ: ആനന്ദ് പിള്ള, മീനാക്ഷി സജീവ് തുടങ്ങിയവർ അടങ്ങുന്നതാണ് ഉപദേശക സമിതി.
















