തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നുള്ള മരുന്നുകളുടെയും സർജിക്കൽ ഇനങ്ങളുടെയും ശേഖരണ ഉദ്ഘാടനം അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. ശാസ്തമംഗലത്തുള്ള മംഗലത്ത് മെഡിക്കൽസിൽ നിന്നും മരുന്ന് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കവടിയാർ, അമ്പലവമുക്ക്, പേരൂർക്കട, കുടപ്പനക്കുന്ന്, നാലാഞ്ചിറ, കേശവദാസപുരം, പട്ടം, പൊട്ടക്കുഴി, കുറവൻകോണം എന്നീ പ്രദേശങ്ങളിലെ 45 ലധികം മെഡിക്കൽ ഷോപ്പുകളിൽ എം.എൽ.എ നേരിട്ട് സന്ദർശിച്ച് മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഏറ്റുവാങ്ങി. മാസ്ക്കുകൾ, സാനിറ്റൈസർ, ഫേസ് ഷീൽഡ്, ഗൌസ്, ഓക്സി മീറ്റർ, പി.പി.ഇ കിറ്റ്, പാരസെറ്റമോൾ, സർജിക്കൽ മാസ്ക്ക്, മൈക്രോപോർ2, ഹൈഡ്രോകോഡട്ടിസേൺ, ഇഞ്ചക്ഷൻ, നീഡിൽ 22 സിസി തുടങ്ങിയ മരുന്നുകളും സർജിക്കൽ ഇനങ്ങളുമാണ് ശേഖരിച്ചത്.
മെഡിസിൻ ചലഞ്ചിനേട് മെഡിക്കൽ ഷോപ്പുകളിൽനിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള വാർഡുതല റാപ്പിഡ് റസ്പോൺസ് ടീമുകളിൽ പ്രവർത്തിക്കുന്ന വോളണ്ടിയർമാർ, ആശ വർക്കർമാർ, പോലീസ് ഓഫീസർമാർ, പി.എച്ച്.സി ലെ ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇവ കൈമാറുമെന്നും എം.എൽ.എ അറിയിച്ചു.

മെയ് 18 ചൊവ്വാഴ്ച്ച മെഡിക്കൽ കോളജ്, കുമാരപുരം, കണ്ണമ്മൂല, പ്ലാമൂട്, നന്തൻകോട്, ദേവസ്വം ബോർഡ് എന്നീ പ്രദേശങ്ങളിലും മെയ് 19 ബുധനാഴ്ച്ച വെള്ളയമ്പലം, ശാസ്തമംഗലം, മരുതംകുഴി, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, നെട്ടയം, കാച്ചാണി, വലിയവിള, വേട്ടമുക്ക് എന്നീ പ്രദേശങ്ങളിലുമായി ഈ പ്രവർത്തനം തുടരുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.















