കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. കൊല്‍ക്കത്ത സിബിഐ കോടതിയാണ് രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് നേതാക്കള്‍ക്കും ജാമ്യം അനുവദിച്ചത്.
നാരദ ന്യൂസ് പോര്‍ട്ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തൃണമുല്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രദാ മുഖര്‍ജി, തൃണമുല്‍ എംഎല്‍എയായ മദന്‍ മിത്ര, മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.
നേതാക്കളുടെ അറസ്റ്റിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് ആവമുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് ആറു മണിക്കൂറിലധികം സിബിഐ ഓഫീസില്‍ മമത പ്രതിഷേധവുമായി തുടര്‍ന്നു. സിബിഐ ഓഫീസിന് പുറത്ത് തൃണമുല്‍ പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്ത സംഘം സിബിഐ ഓഫീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.
തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്. ബംഗാളിലെ ക്രമസമാധാനം തകരുകയാണെന്നും നിയമവ്യവസ്ഥ അനുസരിക്കാന്‍ മമത തയാറാകണമെന്നും ഗവര്‍ണര്‍ ജഗ്ദീപ് ദാങ്കര്‍ ആവശ്യപ്പെട്ടു.
2014ലാണ് സംസ്ഥാനത്ത് ഏറെ വിവാദമായ സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു.
















