തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേർ മാത്രം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ഗവർണർ മുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500 ഇത്തരം ഒരു കാര്യത്തിന് വലിയ സംഖ്യ അല്ല. കഴിഞ്ഞ സത്യപ്രതിജ്ഞ 40000 പേരുടെ സാന്നിധ്യത്തിൽ ആയിരുന്നു. 140 എംഎൽഎമാരും, കേരളത്തിൽ നിന്നുള്ള എംപിമാരും ഉണ്ട്. അവരെ ഒഴിവാക്കാൻ ആകില്ല. ന്യായാധിപന്മാർ, അനിവാര്യരായ ഉദ്യോഗസ്ഥർ. മാധ്യമ പ്രവർത്തകർ എന്നിവരെയും ഒഴിവാക്കാൻ ആകില്ല. 3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭചടങ്ങിൽ 500 വലിയ എണ്ണം അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
21 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോഗസ്ഥർ ഇവരെല്ലാം ഉണ്ടാവും. സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ എന്ന് കേൾക്കുമ്പോൾ ജന സമുദ്രമായിരിക്കും ചിലരുടെ മനസ്സിൽ അതല്ല വേണ്ടത്. ഒരു വലിയ തുറസായ സ്ഥലം ഇങ്ങനെയൊരു പരിപാടിക്ക് ആവശ്യമാണ്. നല്ല നിലയിൽ വായുസഞ്ചാരവും സ്ഥലവും വേണം. അതിനാലാണ് സ്റ്റേഡിയത്തെ പരിപാടിക്കുള്ള വേദിയായി തെരഞ്ഞെടുത്തത്. ഭരണഘടനാ പദവി വഹിക്കുന്നവർ, പ്രോട്ടോക്കോൾ പ്രകാരം ഒഴിവാക്കാനാവാത്തവർ, ഇതോടൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ. ഈ വിധം പരിപാടി ചുരുക്കുമ്പോൾ ജനലക്ഷങ്ങളോട് പറയാനുള്ളത് ഇതാണ് സെൻട്രൽ സ്റ്റേഡിയമല്ല കേരളത്തിലെ ഒരോ മനുഷ്യരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദി. ഈ പരിമതി ഇല്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നുവെന്ന് ഞങ്ങൾക്കറിയാം. ഇടതുമുന്നണിക്ക് ചരിത്രവിജയം നൽകി രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്ന പോലെ സാധ്യമാക്കിയവരാണ് നിങ്ങൾ. തുടങ്ങിവച്ചതും ഏറെ മുന്നോട്ട് പോയതുമായ ക്ഷേമപദ്ധതികൾ തുടരാൻ വിധി എഴുതിയവരാണ് നിങ്ങൾ. നിങ്ങൾ എല്ലാവരും ഞങ്ങളുടെ മനസിലുണ്ട്. അതിനപ്പുറമല്ല ഒരു സ്റ്റേഡിയവും- മുഖ്യമന്ത്രി പറഞ്ഞു.















