ലഖ്‌നൗ: ആശുപത്രികളില്ലാത്തതിനെ തുടര്‍ന്ന് മരതണല്‍ ആശുപത്രിയാക്കി ഒരു ഗ്രാമം. ഡല്‍ഹിയില്‍ നിന്ന് 90 മിനിറ്റ് യാത്ര ചെയ്താല്‍ മേവ്ല ഗോപാല്‍ഗ് എന്ന ഗ്രാമത്തിലെത്താം. ഇവിടെ ആവശ്യത്തിന് ആശുപത്രികളോ, ഡോക്ടര്‍മാരോ ഇല്ല. പ്രദേശത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയുണ്ടെങ്കിലും അവിടെ കിടക്കകളില്ല, അതേസമയം, സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലെ ആളുകള്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയാണെന്നും ഞങ്ങളുടെ വിഷമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആരുമില്ലെന്നും സഞ്ജ് സിങ് പറഞ്ഞു- എന്‍ഡിടിവി റിപ്പോര്‍ട്ട്.
ഗ്രാമത്തിലെ ഒരു ആര്യവേപ്പിന്റെ ചുവട്ടില്‍ നിരത്തിയിട്ട കട്ടിലുകളിലാണ് കോവിഡ് ബാധിതര്‍ക്ക് ചികിത്സ നല്‍കുന്നത്. പരിസരത്ത് സിറിഞ്ചുകളും ശൂന്യമായ മരുന്ന് പാക്കറ്റുകളും ഗ്ലൂക്കോസുകളും കാണാം. ഇതിനിടയില്‍ പശുകളും മേയുന്നുണ്ട്. ആര്യവേപ്പിന്റെ ചുവട്ടില്‍ കിടക്കുന്നത് രോഗികളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം കുത്തനെ ഉയരുകയാണ്. അതേസമയം, ഗ്രാമങ്ങളില്‍ കോവിഡ് അതിവേഗം പടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
















