തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ ഇത്തവണ അധികാരത്തിലെത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ 20നു സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ 21 മന്ത്രിമാരായിരിക്കും മന്ത്രിസഭയില്‍ ഉണ്ടാകുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ഇന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ്. ആറന്മുള എംഎല്‍എയായ വീണ ജോര്‍ജിനെയാണ് സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നത്.
മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുക, വനിതയെ സ്പീക്കര്‍ ആയി നിയോഗിക്കുക എന്നീ നിര്‍ദേശങ്ങള്‍ സിപിഎമ്മില്‍ ഉയരുന്നുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംസ്ഥാന സമിതിയിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചനകള്‍. സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിയോഗിച്ചാല്‍ അത് മുന്നണിക്കു തന്നെ മുതല്‍കൂട്ടാകുമെന്നാണ് ഈ ആശയം മുന്നോട്ടുവച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സെക്രട്ടേറിയറ്റ് ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും.















