തിരുവനന്തപുരം: അടുത്ത 24 മണിക്കൂര്‍ കൂടി ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5mm മുതല്‍ 115 mm വരെയുള്ള ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കേരള തീരത്ത് മല്‍സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.
















