കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ബോട്ട് കണ്ടെത്തി. അജ്മീര്‍ ഷാ’ എന്ന ബോട്ട് മംഗളുരു തീരത്തിനടുത്ത് കണ്ടെത്തിയതായി നിയുക്ത ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ന്യൂ മംഗളുരു തീരത്ത് കര പറ്റാനാകാതെ ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്നും ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശുഭവാർത്ത തന്നെയാണ് അങ്ങ് വടക്കുനിന്നും വരുന്നത്.
ബേപ്പൂരിൽ നിന്നും മീൻ പിടിത്തത്തിന് പോയി കാണാതായ “അജ്മീർ ഷാ ” എന്ന ബോട്ട് കണ്ടെത്തിയതായാണ് വിവരം.ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണ്. എല്ലാവരും സുരക്ഷിതരും.കാലാവസ്ഥ അനുകൂലമായാൽ കരപറ്റും എന്നാണ് അല്പസമയംമുൻപ് സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയൻ വിളിച്ചറിയിച്ചത്.
മിലാദ് – 03 എന്ന രണ്ടാമത് ബോട്ടും കാലാവസ്ഥ അനുകൂലമായാൽ വൈകാതെ കരയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.ഏറെ ആശ്വാസം പകരുന്നതാണീ വാർത്ത .
ഈ വിഷയത്തിന് ബന്ധപ്പെട്ടപ്പോൾ ശരവേഗത്തിൽ ഇടപെട്ട,നമ്മുടെ സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ്, തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയൻ , കോസ്റ്റ്ഗാർഡ് ഐജി ശ്രീ ജെന തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.
















