കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച മൂന്ന് ബിജെപി എംഎല്‍എമാര്‍ കസ്റ്റഡിയില്‍. ശങ്കര്‍ ഘോഷ്, ആനന്ദമോയ് ബര്‍മന്‍, ശിഖ ചതോപാധ്യ എന്നിവരെയൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചതായും പൊലീസ് അറിയിച്ചു. ഇവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിയെന്നാണ് ആരോപണം. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബിജെപി എംഎല്‍എമാര്‍ പറയുന്നു.
അതേസമയം, എംഎല്‍എമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്ത് മഹാമാരി പടരുന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രതിഷേധമെന്നും ഇതാണ് ബിജെപി നേതാക്കളുടെ യഥാര്‍ഥ മുഖമെന്നും ടിഎംസി നേതാവ് ഗൗതം പറഞ്ഞു. വൈറസിനെ തടയാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പോലും രാഷ്ട്രീയം കളിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















