മുംബൈ: മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) അണുബാധ മൂലം ഇതുവരെ 52 പേർ മരിച്ചുവെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടായ മരണങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള കണക്കാണിത്. മരണമടഞ്ഞവരെല്ലാം കോവിഡിനെ അതിജീവിച്ചവരാണ് എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
മലേറിയ പോലുള്ള രോഗമല്ലാത്തതിനാൽ ബ്ലാക്ക് ഫംഗസിന്റെ ഡേറ്റ ബേസ് ആരോഗ്യവകുപ്പ് സൂക്ഷിക്കാറില്ലായിരുന്നു. എന്നാൽ കോവിഡ് രണ്ടാം വ്യാപന കാലത്ത് ഭീഷണിയായതിനെ തുടർന്നാണ് കണക്കെടുപ്പ് നടത്തിയത്. ഈ വർഷമാണ് കൂടുതൽ മരണങ്ങളും നടന്നിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് 2,000 ബ്ലാക്ക് ഫംഗസ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ 18 മെഡിക്കൽ കോളജുകളോട് ചേർന്നുള്ള ആശുപത്രികളിൽ പ്രത്യേക ബ്ലാക്ക് ഫംഗസ് വാർഡുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രോഗികളെ ചികിത്സിക്കുന്നതിനായി ഒരു ലക്ഷം ആംഫോട്ടെറിസിൻ-ബി ആന്റി ഫംഗൽ കുത്തിവയ്പുകൾ വാങ്ങാനുള്ള ടെൻഡർ സംസ്ഥാനം ക്ഷണിക്കുമെന്ന് മന്ത്രി തോപ്പെ പറഞ്ഞിരുന്നു. ചികിത്സയ്ക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ആവശ്യമുള്ളതിനാൽ കേസുകളിലെ വർധന സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് അമിതഭാരം വരുത്തുമെന്നതാണ് ആശങ്ക.
പ്രമേഹ രോഗികളിലും രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലുള്ളവരിലുമാണ് മ്യൂക്കർമൈക്കോസിസ് കൂടുതലായും കാണപ്പെടുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇതര രോഗാവസ്ഥകൾ ഉള്ളവർക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഫംഗസ് അണുബാധ മൂക്ക്, കണ്ണുകൾ എന്നിവയിലൂടെ പടർന്ന് തലച്ചോറിലെത്തിയാണ് മരണകാരിയാകുന്നത്. സംസ്ഥാനത്ത് കുറഞ്ഞത് 8 രോഗികൾക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സർക്കാർ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.















