തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാത്രി വളരെ നിർണ്ണായകമാണ്. റെഡ് അലെർട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമോ ശക്തമായതോ ആയ മഴ ഉണ്ടാവും. കണ്ണൂർ കാസർകോട് ജില്ലകളിൽ ചുഴലിക്കാറ്റിൻ്റെ നേരിട്ടുള്ള സ്വാധീനം ഉണ്ടായേക്കാം. സമീപ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ എന്നിവ മാറ്റണം. എല്ലാവരും സ്വന്തം വീട്ടിലെ മരങ്ങൾ ശ്രദ്ദിക്കണം ആവശ്യമെങ്കിൽ ശാഖകൾ വെട്ടിക്കളയണം. ശക്തമായ മഴ തുടർന്നാൽ നഗരങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ വീട്ടിൽ നിന്നും ക്യാംപുകളിലേക്ക് മാറാന്‍ ജനങ്ങൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
വിവിധ സേനാവിഭാഗങ്ങളും വകുപ്പുകളും സംസ്ഥാന വ്യാപകമായി അടിയന്തരസാഹചര്യം നേരിടാൻ സജ്ജമാണ്. ദുരന്തനിവരാണസേനയുടെ ഒൻപത് ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ ഒരു ടീം കാസർകോടും രണ്ട് സംഘങ്ങൾ കണ്ണൂരിലും എത്തും. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാൻബൈ ആയി നിൽക്കും എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ ഒരു ടീം ബംഗ്ലൂരുവിൽ സ്റ്റാൻഡ് ബൈ ആയി നിൽക്കുന്നുണ്ട്. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. മത്സ്യബന്ധനത്തിന് പോകാനുള്ള നിരോധനം തത്കാലം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദമായി മാറി അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 50 കി.മീ വടക്ക്, വടക്ക്പ-ടിഞ്ഞാറും കണ്ണൂര്‍ തീരത്ത് നിന്ന് 310 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ ഇത് ശക്തിപ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മേയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രവചനം.
നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മേയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.















