തിരുവനന്തപുരം: സംസ്ഥാനത്ത് 18-45 വയസ്സുകാർക്കുള്ള കോവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങും.
അതേസമയം, കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും.
എന്നാല്‍ കോവാക്സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല.
വൃദ്ധസദനത്തിലുള്ളവര്‍, ആദിവാസി കോളനിയിലുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും അടിയന്തിരമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















