കൊച്ചി: കോവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചനകള്‍. ആരോഗ്യ വകുപ്പും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് പ്രതിദിന കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 43529 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 95 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി ഉയര്‍ന്നു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
















