ഇടുക്കി: കേരളത്തിലൊട്ടാകെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദര്‍ ബിനോകുമാറാണ് മരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം മൂന്നായി. അതേസമയം, മൂന്നാറില്‍ ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണെന്നാണ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ധ്യാനം നടത്തിയതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള തിയതികളിലായി നടന്ന ധ്യാനത്തില്‍ 450 പേര്‍ പങ്കെടുത്തതായിട്ടാണ് കണ്ടെത്തല്‍. കൂടാതെ മാസ്‌ക് വെക്കുന്നതില്‍ അലംഭാവം കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, അഞ്ച് ദിവസം നീണ്ട ധ്യാനത്തില്‍ പങ്കെടുത്ത 480 വൈദികരില്‍ ബിഷപ്പടക്കം എണ്‍പതോളം പേര്‍ക്കാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനനാണ് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
















