തിരുവനന്തപുരം: യാത്രയുടെ ഉദ്ദേശം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ടു മാത്രമേ യാത്രാപാസ്സ് നൽകാൻ പാടുള്ളുവെന്ന് പോലീസിനോട് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ് നൽകുന്ന സംവിധാനം ശനിയാഴ്ച്ച നിലവിൽ വന്നു. സൈറ്റ് പ്രവർത്തനക്ഷമമായി 12 മണിക്കൂറിനുള്ളിൽ ഒരുലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
ഇത്രയും പാസ് നൽകുന്നത് ലോക്ക് ഡൗണിന്റെ ലക്ഷ്യത്തെ തന്നെ പരാജയപെടുത്തുന്നതാണ്.അതിനാൽ യാത്രയുടെ ഉദ്ദേശം ശരിയായി വിലയിരുത്തിയ ശേഷമേ പാസ് നൽകാവൂ എന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
അവശ്യ സർവീസിൽ ഉൾപെടുത്തിയവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്ര ചെയ്യേണ്ടി വരുന്ന വീട്ടുജോലിക്കാർ,ഹോം നഴ്സുമാർ,തൊഴിലാളികൾ എന്നിങ്ങനെയുള്ളവർക്ക് സാധാരണ ഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽ ഉള്ളവർ അപേക്ഷിച്ചാൽ മുൻഗണന അടിസ്ഥാനത്തിൽ പാസ് നൽകാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















