ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം. നാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയെത്തിയെന്നും ചില സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിലേക്കെത്തുന്നതിന്റെ സൂചനകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി തടയാനായി ദ്രാവക ഓക്‌സിജന്‍ ഇറക്കുമതി ചെയ്തുവെന്നും മന്ത്രാലയം വിശദീകരിച്ചു. ആന്റിജന്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റിജന്‍ ടെസ്റ്റ് ബൂത്തുകള്‍ സജ്ജമാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. അതേസമയം, കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3876 പേര്‍ കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇന്നലെ 3,56,082 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് ആകെ ഇതുവരെ 2,29,92,517 രോഗബാധിതരുണ്ട്. 2,49,992 മരണങ്ങള്‍ ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 17,27,10,066 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. രാജ്യത്ത് 37,15,221 പേര്‍ ചികിത്സയിലുണ്ട്.
















