ന്യൂഡല്‍ഹി: വാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റ് കമ്ബനികളെക്കൂടി പങ്കാളികളാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും പുറമെ മറ്റ് കമ്ബനികള്‍ കൂടി വാക്‌സിന്‍ നിര്‍മ്മിച്ചാല്‍ വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്(സെറം ഇന്‍സ്റ്റിറ്റ്യൂട്ട്), കോവാക്‌സിന്‍ (ഭാരത് ബയോടെക്) എന്നീ രണ്ട് കമ്ബനികള്‍ മാത്രമാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതിയുള്ളത്. ഇവരില്‍ നിന്ന് കേന്ദ്രം ഫോര്‍മുല വാങ്ങി മറ്റ് കമ്ബനികള്‍ക്ക് നല്‍കി വാക്‌സിന്‍ ഉത്പാദനം കൂട്ടണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആവശ്യം.
ഒരുമാസം രണ്ട് കമ്ബനികള്‍ക്കും കൂടി ആറോ ഏഴോ കോടി ഡോസ് വാക്‌സിന്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ എല്ലാവരേയും വാക്‌സിനേറ്റ് ചെയ്യിക്കാന്‍ ഏകദേശം രണ്ടു വര്‍ഷം എടുക്കുമെന്നും അതിനിടെ കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അടിയന്തിരമായി വാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കണമെന്നും ഇതിനുവേണ്ടി ദേശീയ പദ്ധതി തന്നെ തയാറാക്കണമെന്നും കെജ് രിവാള്‍ കെജ് രാവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3876 പേര്‍ കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇന്നലെ 3,56,082 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് ആകെ ഇതുവരെ 2,29,92,517 രോഗബാധിതരുണ്ട്. 2,49,992 മരണങ്ങള്‍ ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 17,27,10,066 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. രാജ്യത്ത് 37,15,221 പേര്‍ ചികിത്സയിലുണ്ട്.
















