ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടലിലേക്ക്. തെലങ്കാനയിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പത്തു ദിവസത്തെ ലാക്ക് ഡൗണ്‍ ആണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് രാവിലെ ആറു മുതല്‍ പത്തു വരെ മാത്രമേ അവശ്യ സര്‍വീസുകള്‍ അനുവദിക്കുകയുള്ളൂ.
അതേസമയം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര മധ്യ പ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, മിസോറാം, നഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങളും സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഇന്ത്യയില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3876 പേര് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇന്നലെ 3,56,082 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് ആകെ ഇതുവരെ 2,29,92,517 രോഗബാധിതരുണ്ട്. 2,49,992 മരണങ്ങള് ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 17,27,10,066 പേര് ഇതുവരെ വാക്സിന് സ്വീകരിച്ചു. രാജ്യത്ത് 37,15,221 പേര് ചികിത്സയിലുണ്ട്.
















