പാറ്റ്‌ന: കോവിഡ് ബാധിതനായ ഭര്‍ത്താവിന് ആശുപത്രിയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ തുറന്ന് പറഞ്ഞ് യുവതി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍ത്താവിന് വെള്ളം പോലും നല്‍കിയില്ലെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും യുവതി ആരോപിച്ചു. കൂടാതെ തന്നെ ആശുപത്രി ജീവനക്കാരന്‍ ലൈംഗികമായി ആക്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി.
അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമെന്നും സ്ത്രീ ആരോപിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാറിലെ ഭഗല്‍പ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. താനും ഭര്‍ത്താവും നോയിഡയിലാണ് താമസം. ഹോളിക്കായി ബിഹാറിലെത്തിയതാണ്. ഏപ്രില്‍ 9ന് അദ്ദേഹത്തിന് പനി അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കാത്തിരിക്കെ നോയിഡയിലെ ഒരു ഡോക്ട ര്‍ സിടി സ്‌കാന്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. ശ്വാസകോശത്തിന് 60 ശതമാനം അണുബാധയുണ്ടെന്ന് പരിശോധനാ ഫലത്തില്‍ കണ്ടു.
തുടര്‍ന്ന് ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ അമ്മയെയും ഭാഗല്‍പൂരിലെ ഗ്ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് മുതല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയായിരുന്നു. ഭര്‍ത്താവിന് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. അദ്ദേഹം വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. എന്നിട്ടും വെള്ളം നല്‍കിയില്ല. പിന്നീട് ഗ്ലോക്കല്‍ ആശുപത്രിയിലെ അറ്റന്ററോഡ് ഭര്‍്തതാവിന്റെ ബെഡ്ഷീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയ അയാള്‍ എന്റെ ഷാള്‍ വലിച്ചെടുത്തു. എന്റെ അരയില്‍ കൈ വച്ചു. കൈ തട്ടിമാറ്റി എന്റെ ഷാള്‍ ഞാന്‍ പിടിച്ചുവാങ്ങി. ഒരക്ഷരം പ്രതികരിക്കാന്‍ നിന്നില്ല. എന്തെങ്കിലും പറഞ്ഞുപോയാല്‍ അവരെന്റെ അമ്മയെയും ഭര്‍ത്താവിനെയും എന്തെങ്കിലും ചെയ്താലോ!. അതിനുശേഷം മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലും അദ്ദേഹത്തെ ചികിത്സിക്കാന്‍ തയ്യാറായില്ല. അദ്ദേഹം കിടന്നിരുന്ന വൃത്തിഹീനമായ ബെഡ് ഷീറ്റ് മാറ്റാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. ഓക്‌സിജന്‍ സപ്ലൈ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കരിഞ്ചന്തയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയാണ് ഭര്‍ത്താവിന് നല്‍കിയതെന്നും യുവതി വെളിപ്പെടുത്തി.
അതേസമയം, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ആശുപത്രിയില്‍ നിന്ന് ഈ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
















