അന്വേഷണം.കോമിന് വേണ്ടി എം പി എ എം ആരിഫുമായി നടത്തിയ അഭിമുഖത്തിൽ ഗൗരിയമ്മയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി മനസിനെ വല്ലാതെ സ്പർശിക്കുന്ന ഒന്നായിരുന്നു. ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തെ മനസിലാക്കുവാനും മാനിക്കാനും കഴിയുന്ന ഒരു കറകളഞ്ഞ രാഷ്ട്രീയകാരനു മാത്രമേ ഇത്തരം ഒരു മറുപടി നൽകാൻ കഴിയു.. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു എ എം ആരിഫ് എന്ന ആ മനുഷ്യന്റെ മറുപടി. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് ഗൗരിയമ്മ എന്ന പോരാട്ട വനിത.
രാഷ്ട്രീയ മത്സരങ്ങൾക്കുമപ്പുറം മാനസിക തലങ്ങളെ സ്പര്ശിക്കുന്ന മറുപടിയുടെ ചോദ്യമിതാണ്;
ഗൗരിയമ്മയെ തോൽപ്പിച്ചിട്ട് വന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയി, ആ ഒരു ആത്മ വിശ്വാസമാണോ പിന്നീടുള്ള എല്ലാ തെരെഞ്ഞടുപ്പിലും താങ്കൾക്ക് ഒരു മനോധൈര്യം ?
എ എം ആരിഫിന്റെ മറുപടി;
”അതുകൊണ്ടൊന്നുമല്ല, ഗൗരിയമ്മയെ തോൽപിച്ചെന്നുള്ളത് സത്യം പറയാമെങ്കിൽ ഉള്ളു കൊണ്ടൊരു ഇപ്പോഴും ഒരു നീറ്റലാണ്. പുറമെ നമുക്ക് വലിയ സന്തോഷമൊക്കെ കിട്ടിയ വിജയമാണെങ്കിൽ പോലും ഗൗരിയമ്മ എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു മഹദ് വ്യക്തിത്വമാണ്. അത്രയും ത്യാഗ നിർഭരമായ ഒരു ജീവിതം നയിച്ച ഒരു പൊതുപ്രവർത്തക നമ്മുടെ കേരളത്തിൽ വേറെയുണ്ടാകില്ല. അത്രയും ത്യാഗ ബന്ധനമായ ഒരു ജീവിത ചരിത്രമുള്ള ഗൗരിയമ്മയാണ്. ഗൗരിയമ്മയുമായി മത്സരിക്കുമ്പോൾ ജയിക്കണമെന്ന് ഏതൊരു സ്ഥാനാർത്ഥിയും ആഗ്രഹിക്കുന്ന പോലെ ആഗ്രഹിക്കുകയും ജയിക്കാൻ വേണ്ടിയിട്ടുള്ള എല്ലാ മാര്ഗങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ ഒരു മാനസിക സംഘർഷം ഭയങ്കരമായിരുന്നു. കാരണം ഗൗരിയമ്മയെ പോലെ കേരളം രാഷ്ട്രീയത്തിലെ ഒരുപാടു ത്യാഗപൂർണമായ ജീവിത അനുഭവങ്ങൾ ഉള്ള ഒരു വ്യക്തിയെ ആണല്ലോ പരാജയപ്പെടുത്തിയത് എന്നോർക്കുമ്പോൾ ചെറിയ നീറ്റലും സങ്കടവുമുണ്ടായി.അതിനു ഞാൻ പ്രത്യുപകാരമായി അല്ലെങ്കിൽ പ്രായശ്ചിത്തമായി കണക്കാക്കിയത് ഗൗരിയമ്മ പാർട്ടിയിലേക്ക് തിരിച്ചുവരണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിനു വേണ്ടി ഞാൻ പരസ്യമായി അന്നേ പറഞ്ഞിരുന്നു. ഗൗരിയമ്മ വരാനും തയ്യാറായിരുന്നു. പക്ഷെ ഗൗരിയമ്മയുടെ പാർട്ടിക്കകത്ത് ചില പ്രശ്ങ്ങൾ കാരണം അത് പൂര്ണമായില്ല. ഗൗരിയമ്മയുടെ പേരിൽ ഒരുപാട് സ്വത്തുവകകൾ എല്ലാം ഉണ്ടായിരുന്നു. സ്വകാര്യമല്ല, അതെല്ലാം പാർട്ടിപരമാണ്. അത്തരം സ്വത്തുക്കൾ സ്ഥാനമോഹികളായ ചില ആളുകൾ അത് തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഗൗരിയമ്മ പാർട്ടിയിലേക്ക് വന്നാൽ അതെല്ലാം ആ ആൾക്കാർക്ക് പോകും എന്ന ഏതോ നിയമോപദേശം കിട്ടിയതിന്റെ പുറത്താണ് ഗൗരിയമ്മ പാർട്ടിയോടോപ്പം വരാതെ പോയത്. ഇലക്ഷനൊക്കെ ഗൗരിയമ്മ ഇടത്പക്ഷത്തോടൊപ്പം നിന്നു. എങ്കിൽ പോലും ഗൗരിയമ്മ പാര്ടിയോടോപ്പം വരാത്തതിന്റെ വേദന ഇപ്പോഴും എനിക്കുണ്ട്.”
Also Read:പോസ്റ്ററുകൾ മഴയിൽ കീറിപ്പോയത്;ആരോപണത്തിൽ പ്രതികരിച്ച് എംപി ആം ആരിഫ്- അഭിമുഖം
















