ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കൽ ക്വാറി ശ്മശാനമാക്കി അധികൃതർ. ബംഗളൂരുവിലാണ് സംഭവം. ശ്മശാനങ്ങളിൽ തിരക്ക് കൂടിയതോടെയാണ് നടപടി. ബംഗളൂരുവിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലൻസുകളുടെ നീണ്ട നിര വന്നതോടെയാണ് അധികൃതരുടെ തീരുമാനം.
ബംഗളൂരു ഗെദ്ദനഹള്ളിയിലാണ് താൽകാലിക ശ്മശാനം. ക്വാറി വൃത്തിയാക്കി 15 മൃതദേഹങ്ങൾ ഒരേസമയം ദഹിപ്പിക്കാൻ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അർബർ ജില്ല കമീഷണർ മഞ്ജുനാഥ് പറഞ്ഞു. കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി തേവരെകരെ പ്രദേശത്ത് ഉപയോഗിക്കാതിരുന്ന ശ്മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിന്‍റെ പടിഞ്ഞാറൻ പ്രദേശത്താണ് ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ് ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്മശാനത്തിൽ പ്രതിദിനം 30 മുതൽ 40 മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്മശാനം നിയന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയർമാരെയും നിയമിച്ചിട്ടുണ്ട്.
















