ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്കായി ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന്, ഡി.ആര്‍.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്നാണ് വികസിപ്പിച്ചത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.
പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. മരുന്ന് കഴിച്ചവര്‍ കോവിഡ് ബാധിച്ചവര്‍ വേഗത്തില്‍ രോഗമുക്തി നേടുന്നുണ്ടെന്നും മെഡിക്കല്‍ ഒാക്സിജെന്റ സഹയാം തേടുന്നത് കുറയ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇതിന്റെ പരീക്ഷണഘട്ടത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഓരോ പാക്കറ്റിനും 500–600 രൂപ വില വരുമെന്നാണ് സൂചന.
എന്താണീ ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) ?
വെള്ളത്തില്‍ കലക്കികൊടുക്കുന്ന ഈ മരുന്ന് ഒരുതരം ഗ്ലൂക്കോസ് ആണ്. സാധാരണ ഗ്ലൂക്കോസിലെ ഹൈഡോക്സില്‍ ഗ്രൂപ്പില്‍നിന്ന് ഒരു ഹൈഡ്രജന്‍ എടുത്ത് മാറ്റിയാണ് പുതിയ ഔഷധം തയ്യാറാക്കിയിരിക്കുന്നത്. നേരത്തേതന്നെ നിലവിലുള്ള ഔഷധമാണിത്. ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ഉപയോഗിക്കാനാകുമോ എന്ന് ഈ മരുന്നിനെകുറിച്ച് പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. മരുന്ന് ഉപയോഗിച്ച് കൊവിഡ് ചികിത്സ നടത്താനുള്ള ക്ലിനിക്കല്‍ ട്രയലിനായി ജര്‍മന്‍ കമ്ബനിയായ മോളിക്യുലിന്‍ അമേരിക്കയില്‍ അപേക്ഷ കൊടുത്തിട്ടുമുണ്ട്. പക്ഷെ അവിടങ്ങളില്‍ അതൊന്നും മുന്നോട്ട് പോയിരുന്നില്ല. നിലവില്‍ ഡി.ആര്‍.ഡി.ഒ 200 ഓളം പേരില്‍ നടത്തിയ പഠനത്തിന്റെ പിന്‍ബലത്തിലാണ് മരുന്ന് രോഗികളില്‍ ഉപയോഗിക്കുന്നത്.
മരുന്നിന്‍റെ പ്രവര്‍ത്തനം എങ്ങനെ?
വൈറസ് ബാധയേറ്റ കോശങ്ങളില്‍ ഈ മരുന്ന് പ്രവര്‍ത്തിക്കും. കോശങ്ങളിലെ ഊര്‍ജോത്പാദനം കൂട്ടുകയും മെറ്റബോളിക് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ വൈറസ് പെരുകുന്നത് തടയാമെന്നാണ് കണക്കുകൂട്ടല്‍. മരുന്ന് കൊടുത്തവരില്‍ രോഗലക്ഷണങ്ങള്‍ വേഗത്തില്‍ കുറഞ്ഞു എന്നാണ് പരീക്ഷണങ്ങള്‍ കാണിച്ചത്. വൈറസ് ബാധിച്ച കോശങ്ങളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക എന്നത് ഈ മരുന്നിനെ വ്യത്യസ്തമാക്കുന്നുവെന്ന് ഡി.ആര്‍.ഡി.ഒ. പറയുന്നു.
പരീക്ഷണത്തില്‍ തെളിഞ്ഞത്
ഈ മരുന്ന് ഉപയോഗിച്ച രോഗികള്‍ പെട്ടന്ന് രോഗമുക്തരാവുന്നതായി ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തി. 2 ഡിഓക്സി-ഡി-ഗ്ലൂക്കോസില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം രോഗികള്‍ക്കു പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ആശുപത്രികളില്‍ നടന്ന പരീക്ഷണങ്ങളില്‍ രണ്ട് പാക്കറ്റ് മരുന്ന് തുടര്‍ച്ചയായ രണ്ട് ദിവസം നല്‍കിയ രോഗികളില്‍ മൂന്നാം ദിവസം ഓക്‌സിജന്‍ ലെവല്‍ വര്‍ധിച്ചതായും കൃത്രിമ ഓക്‌സിജന്‍ പിന്തുണ ഒഴിവാക്കുന്ന തരത്തിലുള്ള പുരോഗതിയാണ് ചികിത്സയില്‍ കണ്ടെത്തിയത്. 30 ശതമാനം രോഗികള്‍ക്ക് ഇത്തരത്തില്‍ ചികിത്സാ പുരോഗതിയുണ്ടായി.
2020 മെയ്-ഒക്ടോബര്‍ മാസങ്ങളില്‍ 110 രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിലും രോഗികളില്‍ വലിയ തോതിലുള്ള രോഗമുക്തി നിരക്കാണ് കണ്ടെത്തിയത്. രാജ്യത്തെ 11 ആശുപത്രികളിലായാണ് ഫലപ്രദമായ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയത്.
പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ??
എല്ലാ കോശങ്ങളിലും ഒരുപോലെ പ്രവര്‍ത്തിക്കുന്നതോടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വലുതും സമയം എടുക്കുന്നതുമായ ക്ലിനിക്കല്‍ ട്രയലുകളിലുടെ മാത്രമാണ് ഇത്തരം മരുന്നുകളുടെ ഫലപ്രാപ്തി തെളിയിക്കാനാവുകയുള്ളൂ.