തിരുവനന്തപുരം: കോവിഡ് -19 പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ബെന്നെറ്റ് എബ്രഹാം ഒന്നാം പ്രതിയും, സി.എസ്.ഐ ദക്ഷിണ കേരള രൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി.പ്രവീണ്‍ രണ്ടാം പ്രതിയുമാണ്.
സിഎസ്‌ഐ ദക്ഷിണ കേരളം മഹാ ഇടവക വൈദികർക്കും സഭ ശുശ്രൂഷകർക്കുമായി മൂന്നാറിൽ വെച്ച് നടത്തിയ വാർഷിക ധ്യാനയോഗത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരെ, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡോ.ടി.ടി.പ്രവീണ്‍ സന്ദര്‍ശിച്ചെന്നാണ് പരാതി.
സോഷ്യൽ ആക്ടിവിസ്റ്റ് ആയ സാബു സ്റ്റീഫൻ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കോവിഡ് ചട്ടങ്ങൾ മറികടന്ന് സിഎസ്‌ഐ ദക്ഷിണ കേരളം മഹാ ഇടവക വൈദികർക്കും സഭ ശുശ്രൂഷകർക്കുമായി മൂന്നാറിൽ വെച്ച് നടത്തിയ വാർഷിക ധ്യാനയോഗത്തില്‍ 100 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ടു വൈദികര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 13 മുതൽ 17 വരെ വരെയായിരുന്നു സമ്മേളനം നടന്നത്.
വൈദികരുടെയും വിശ്വാസികളുടെയും എതിർപ്പിനെ മറികടന്നാണ് സഭ നേതൃത്വം മൂന്നാർ സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ധ്യാനം സംഘടിപ്പിച്ചത്.
സംഭവത്തിനെതിരെ നേരത്തെ തന്നെ സാബു സ്റ്റീഫൻ പരാതിയുമായി രംഗത്തെത്തിയിരുന്നു. റവ. ബിജുമോൻ അച്ചന്റെ മരണത്തിൽ ബിഷപ്പ് ഉൾപ്പെട്ട സംഘടകർക്കതിരെ നരഹത്യ ഉൾപ്പെടെ കേസുകൾ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം.
കോവിഡ് ബാധിച്ചവരിൽ പലരും സിഎസ്‌ഐ കാരക്കോണം മെഡിക്കൽ കോളേജില്‍ ചികിത്സയിലാണ്. ഇവരെ രണ്ടാം പ്രതി പിപിഇ കിറ്റ് ധരിക്കാതെ ആശുപത്രിയില്‍ സന്ദർശിക്കുകയും കോവിഡ് പോസിറ്റീവ് രോഗികളുമായി സംസാരിക്കുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു.
കോവിഡ് രോഗിയുടെ മുറിയിൽ സന്ദർശകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ, പിപിഇ കിറ്റ് ധരിക്കണമെന്ന വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്ന് ഇന്ത്യൻ സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ദുരന്തനിവാരണ നിയമം -2005, പകർച്ചവ്യാധി രോഗ നിയമം 1897, ഇന്ത്യൻ പീനൽ കോഡ് 1860 (വകുപ്പ് -268, 269, 270) എന്നിവ പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.
















